കാലവര്‍ഷം; തിരൂര്‍ താലൂക്കില്‍ 105 ക്യാമ്പുകള്‍ സജ്ജമാക്കി

post

102 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി

മലപ്പുറം : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ തിരൂര്‍ താലൂക്കില്‍ ഏതു നിമിഷവും തുറക്കാവുന്ന വിധം 105 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയതായി തഹസില്‍ദാര്‍ (എല്‍.ആര്‍) പി. ഉണ്ണി അറിയിച്ചു. കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ അത്യാവശ്യമെങ്കില്‍ മാത്രമാകും ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ തിരൂര്‍ താലൂക്കില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെങ്കിലും ഇരിമ്പിളിയം, തൃപ്രങ്ങോട്, പൊന്മള, തിരൂര്‍ വില്ലേജുകളില്‍ നിന്നായി 531 ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിയതായി തഹസില്‍ദാര്‍ അറിയിച്ചു. മഴക്കെടുതികള്‍ രൂക്ഷമാകുന്ന സാഹചര്യമുണ്ടാകുയാണെങ്കില്‍ സജ്ജമാക്കിയ ക്യാമ്പുകള്‍ തുറക്കാനാണ് തീരുമാനം.

ഇരിമ്പിളിയം വില്ലേജിലെ 25 കുടുബങ്ങളില്‍ നിന്നായി 169 പേരാണ് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചത്. തൃപ്രങ്ങോട് വില്ലേജില്‍ 55 കുടംബങ്ങളില്‍ നിന്നുള്ള 246 പേരും പൊന്മളയില്‍ നാല് കുടുംബങ്ങളിലെ 18 പേരും തിരൂര്‍ വില്ലേജ് പരിധിയില്‍പ്പെട്ട 18 കുടുംബങ്ങളിലെ 98 പേരും ബന്ധു വീടുകളിലേക്ക് മാറിത്താമസിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി വിവിധ വിഭാഗങ്ങളാക്കി തിരിച്ചാണ് ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം. 64 പൊതു ക്യാമ്പുകളോടൊപ്പം പ്രായമായവര്‍, കോവിഡ് ഇതര രോഗമുള്ളവര്‍ എന്നിവര്‍ക്കായി 17 പ്രത്യേകം ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായി മുറിയോട് ചേര്‍ന്ന് പ്രത്യേകം ശുചിമുറി സൗകര്യമുള്ള 22 കെട്ടിടങ്ങളുമാണ് താലൂക്കില്‍ ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായും പ്രായമായവര്‍ക്കു വേണ്ടിയും  ഓരോ ക്യാമ്പുകള്‍ വീതം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.