ചാവക്കാട് താലൂക്കില്‍ വെള്ളക്കെട്ട്;ഏഴ് ക്യാമ്പുകള്‍ ആരംഭിച്ചു

post

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ ചാവക്കാട് താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ ആരംഭിച്ചു. മണത്തല, വാടാനപ്പള്ളി, വടക്കേക്കാട്, തളിക്കുളം, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍. തീരദേശ മേഖലകളിലും പാടശേഖര പ്രദേശങ്ങളിലുമാണ് വെള്ളം കയറി വീടുകള്‍ ഒറ്റപ്പെട്ടത്. പുന്നയൂര്‍ക്കുളത്ത് പരൂര്‍ പാടശേഖരങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ഉപ്പുങ്ങല്‍, പരൂര്‍, കുണ്ടനി, മാവിന്‍ച്ചുവട്, ചമ്മന്നൂര്‍ പ്രദേശങ്ങളിലെ വീടുകള്‍ വെള്ളക്കെട്ടിലായി. ആല്‍ത്തറ കുണ്ടനി പ്രദേശത്ത് വെള്ളം കയറി പത്തു കുടുംബങ്ങളെ രാമരാജ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. അടിയന്തിര സാഹചര്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് തഹസില്‍ദാര്‍ സി. എസ് രാജേഷ് അറിയിച്ചു. ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാധ്യമായതെല്ലാം പഞ്ചായത്തുകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.