മഴക്കെടുതി; 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

post

തിരുവനന്തപുരം: ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 219 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 317 പേര്‍ വലിയതുറ ഗവ. യു.പി. സ്‌കൂളിലാണ് കഴിയുന്നത്. ജില്ലയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ആവശ്യമായ നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്നും 24 പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശംഖുമുഖം ആഭ്യന്തര വിമാനത്താവള കാര്‍ഗോ കോംപ്ലക്സ് റോഡിന് സമീപം ശക്തമായ കടക്ഷോഭമുണ്ട്. ശക്തമായ തിരമാല കാരണം റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയില്‍ 5,600 ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 6 ഹെക്ടര്‍ തെങ്ങ്, 5,758 ഹെക്ടര്‍ കുലച്ച വാഴ, 16 ഹെക്ടര്‍ റബ്ബര്‍, 15 ഹെക്ടര്‍ നെല്ല്, 60 ഹെക്ടര്‍ പച്ചക്കറി, 13 ഹെക്ടര്‍ മരച്ചീനി, 0.04 ഹെക്ടര്‍ വെറ്റില, മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങള്‍ 6 ഹെക്ടര്‍ എന്നിങ്ങനെയാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. ജില്ലയില്‍ ഇതുവരെ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.