കാലവര്‍ഷം: 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1247 കുടുംബങ്ങളിലെ 4288 പേര്‍

post

വയനാട്: കാലവര്‍ഷത്തെ തുടര്‍ന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നത് 1247 കുടുംബങ്ങളിലെ 4288 പേര്‍. ഇവരില്‍ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒമ്പത് പേര്‍ ഭിന്നശേഷിക്കാരും ഒമ്പത് ഗര്‍ഭിണികളും 324 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 2330 പേര്‍ പട്ടിക വര്‍ഗക്കാരാണ്. 

മാനന്തവാടി താലൂക്കില്‍ 25 ക്യാമ്പുകളിലായി 441 കുടുംബങ്ങളിലെ 1517 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും വൈത്തിരി താലൂക്കില്‍ 39 ക്യാമ്പുകളിലായി 600 കുടുംബങ്ങളിലെ 2082 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ജില്ലയില്‍ 3.85 കോടിയുടെ കൃഷി നാശം

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. ഇതുവരെ ലഭിച്ചിട്ടുള്ള കണക്കുകള്‍ അനുസരിച്ച് നെല്ല് 40-ഹെക്ടര്‍, പച്ചക്കറി 20-ഹെക്ടര്‍, മഞ്ഞള്‍ - 0.4 ഹെക്ടര്‍, കശുമാവ് -132 എണ്ണം, തെങ്ങ് - 344 എണ്ണം, റബ്ബര്‍ -881 എണ്ണം, കൊക്കോ -1275 എണ്ണം, കാപ്പി - 7850 എണ്ണം, കമുങ്ങ് - 8650, വാഴ- 5,82000 എണ്ണം എന്നിങ്ങനെ 3 കോടി 85 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2800 ഓളം കര്‍ഷകരാണ് പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.