രാജമല ദുരന്തം: കാണാതായ മുഴുവന്‍പേരേയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരും

post

മൂന്നാര്‍: ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള സൗജന്യ ചികിത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും അര്‍ഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പുന:രധിവാസം, മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ഉചിതമായ തീരുമാനമെടുക്കും. 

വനം വകുപ്പിലെ ആറ് താത്കാലിക വാച്ചര്‍മാരും ദുരന്തത്തില്‍ ഇരയായിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഊര്‍ജിതമായി രംഗത്തുണ്ട്. വനപാലകരും വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ്മസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യം മുതല്‍ സജീവമാണ്. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍  കാണാതായവര്‍ക്കായി വനപാലക സംഘം പ്രത്യേക തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.  ഈ ഭാഗത്തു നിന്നാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ വന്യജീവി വിഭാഗം, മൂന്നാര്‍ ടെറിട്ടോറിയല്‍ വിഭാഗം, മാങ്കുളം ഡിവിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പരിസ്ഥിതിയ്ക്ക് കോട്ടംതട്ടാത്ത രീതിയിലായിരിക്കണം വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് മനുഷ്യന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.