കാലവര്‍ഷകെടുതി: ജില്ലയില്‍ റെഡ് അലര്‍ട്ട്

post

കാസര്‍കോട്: മഴക്കെടുതി രൂക്ഷമായ കാസര്‍കോട്  ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തേജസ്വിനി, ചന്ദ്രഗിരി, പയസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞു. ജില്ലയിലെ 11 പുഴകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ആറു ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ശക്തമായ മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പടെ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളരിക്കുണ്ട് താലൂക്കില്‍ 34 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കാര്യങ്കോട് തേജസ്വിനി പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കിനാനൂര്‍ വില്ലേജില്‍ 10 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 18 കുടുംബങ്ങളേയും സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പടെ കരിന്തളം വില്ലേജിലെ നാലു കുടുംബങ്ങളേയും ചൈത്ര വാഹിനിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ മാലോത്ത് വില്ലേജിലെ 21 പുരുഷന്മാരും 39 സ്ത്രീകളും ഉള്‍പ്പെടെ 25 കുടുംബങ്ങളെയുമാണ് മാറ്റി പാര്‍പ്പിച്ചത്. മാലോത്ത് മാറ്റി പാര്‍പ്പിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.

കാലവര്‍ഷത്തില്‍ ഇതുവരെയായി 10 വീട് പൂര്‍ണ്ണമായും 107 വീട് ഭാഗികമായും തകര്‍ന്നു. പൊയിനാച്ചി - ബന്തടുക്ക റോഡില്‍ പുന്നക്കാലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ തീവ്രമഴ തുടരുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണെന്നും കളക്ടര്‍ അറിയിച്ചു.