കാലവർഷം: ജില്ലകളിൽ ജാഗ്രത തുടരുന്നു

post

കൂടുതൽ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: കാലവർഷം കടുത്തതോടെ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിൽ വെള്ളപ്പൊക്കം രൂക്ഷമായാൽ രക്ഷാദൗത്യം നടത്തുന്നതിനായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികൾ എത്തിയിട്ടുണ്ട്. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്.  അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറൻമുള സത്രക്കടവിലേക്കും അയച്ചു.  വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവർ ജില്ലയിൽ തുടരും. ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേരാണ് കഴിയുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിൽ ജില്ലയിലെ 161 കർഷകർക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്.

വയനാട് ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 9) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുകയാണെങ്കിൽ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊണ്ടർനാട് ക്ലസ്റ്ററിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവർഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കും. എന്നാൽ കുറ്റ്യാടി ഉൾപ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ ഗതാഗത  നിരോധനമുള്ളത്.

കാലവർഷക്കെടുതി രൂക്ഷമായതിനെ തുടർന്ന് ജില്ലയിൽ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടലിൽ മറ്റ് വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് 3009 കുടുംബങ്ങളിലെ 10,555 പേരെ. ദുരന്ത സാധ്യതാ മേഖലകളിൽ കഴിയുന്ന 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലുണ്ടായ കനത്ത മഴയിൽ 182 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ, സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. 154 കുടുംബങ്ങൾ ഉൾപ്പടെ 582 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്.

മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. 135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ ക്യാമ്പുകളിലേക്ക് മാറിയത്. കൊവിഡ് ജാഗ്രത നിലനിൽക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. കോഴിക്കോട് താലൂക്കിൽ 13 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 134 പേരാണ് ക്യാമ്പുകളിലുള്ളത്. വാണിമേൽ ഗ്രാമപഞ്ചായത്തിൽ ശക്തമായ മഴ കാരണം വാണിമേൽ പുഴയുടെ സമീപത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ താലൂക്കുകളിൽ ആരംഭിച്ച  കൺട്രോൾ റൂം നമ്പറുകൾ- 1077(കലക്ടറേറ്റ്), 0496 2522361(വടകര), 0495-2372966 (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588,0495 2223088(താമരശേരി).

ഇടുക്കി ജില്ലയിൽ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 183 കുടുംബങ്ങളിൽ നിന്നായി 624 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ ജനങ്ങൾ  പരമാവധി വീടിനുളളിൽ തന്നെ കഴിയാനും പ്രളയ മേഖലയിലും മണ്ണിടിച്ചിൽ സാധ്യതാ മേഖലയിലുമുളളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് (വൈകിട്ട് ഏഴു മുതൽ രാവിലെ ഏഴുവരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണം. ജലാശയങ്ങളിൽ ക്രമാതീതമായി  ജലനിരപ്പ്  ഉയരുന്ന  സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചു.

ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളിലുള്ളവർ നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും  നിർദേശം നൽകി. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാർപ്പിച്ചു. മെഡിക്കൽ ടീം, സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങൾ റെയ്ബാനിൽ ജില്ലാ ഭരണകൂടം സജ്ജമാക്കി. ജില്ലയിൽ ആകെ 24 ക്യാമ്പുകളിലായി 222 കുടുംബങ്ങളിലെ 787 പേരാണുള്ളത്. ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകൾ  ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്.

തൃശൂർ ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതിന്റെയും റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര സേവന സന്നദ്ധരായി അഞ്ചു പേരടങ്ങുന്ന എൻ ഡി ആർ എഫ് സംഘം ചാലക്കുടിയിൽ എത്തിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ 514 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുർഗ് താലൂക്കിൽ  381 കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൻ  റവന്യു അധികൃതരുടെ നിർദേശം അവഗണിച്ച് പ്രദേശങ്ങളിൽ തുടരുന്നവർ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വെള്ളരിക്കുണ്ടിൽ പതിനൊന്നോളം വീടുകൾ ഭാഗികമായി തകർന്നു. ഇതുവരെ 82 കുടുംബങ്ങളെയാണ് വെള്ളരിക്കുണ്ടിൽ മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. തളങ്കര വില്ലേജിൽ ചന്ദ്രഗിരി പുഴ കരകവിഞ്ഞൊഴികയതിനെ തുടർന്ന് 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഞ്ചേശ്വരം താലൂക്കിലെ പൈവളികെയിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്ന് ഒമ്പത് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.

കോട്ടയം ജില്ലയിൽ 127 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 959  കുടുംബങ്ങളിലെ 3126 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 1306പുരുഷൻമാരും 1318 സ്ത്രീകളും 502 കുട്ടികളും  ഉൾപ്പെടുന്നു. പൊതു വിഭാഗത്തിനായി 85ഉം അറുപതു വയസിനു മുകളിലുള്ളവർക്കായി 39ഉം ക്വാറന്റീനിൽ കഴിയുന്നവർക്കായി മൂന്നും ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

കണ്ണൂർ ജില്ലയിൽ കനത്ത മഴയെ തുടർന്ന്  1700 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആറ് വീടുകൾ പൂർണമായി തകർന്നു. ജില്ലയിലെ പ്രധാന നദികളിൽ എല്ലാം ജലനിരപ്പ് അപാകടകരമാംവിധം ഉയർന്നതിനാൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. വളപട്ടണം, മയ്യിൽ, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.