ജനകീയമായി ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌കുകള്‍

post

കാസര്‍ഗോഡ് : പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ഭാഗമായി ബി ആര്‍ സികള്‍ ആരംഭിച്ച  ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌കുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സ്വീകാര്യതയേറുന്നു. പ്ലസ് വണ്‍  പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുന്നതിനോടൊപ്പം  അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളുടെ തിരഞ്ഞെടുക്കാനുള്ള വിദഗ്ദ നിര്‍ദേശങ്ങളും ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാണെന്ന് ചെറുവത്തൂര്‍ ബി ആര്‍ സിയിലെ പ്രോഗ്രം കോര്‍ഡിനേറ്റര്‍ ബിജുരാജ് പറഞ്ഞു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് കഫെകളിലെത്താനുള്ള പ്രയാസവും പരിഹരിക്കുന്നതോടൊപ്പം സുരക്ഷിതമായി അപേക്ഷ സമര്‍പ്പിക്കനാണ് ജില്ലയില്‍ ബി ആര്‍ സികളുടെ നേതൃത്വത്തില്‍  ഹെല്‍പ് ഡെസ്‌കുകള്‍ ക്രമീകരിച്ചത്. ബി ആര്‍സികളിലെ പരിശീലകര്‍, റിസോഴ്സ് പേഴ്സണ്‍സ്, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഹെല്‍പ് ഡെസ്‌കുകളിലെ  സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.

ചെറുവത്തൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ജി യു പി എസ് നാലിലാംകണ്ടം, ബി ആര്‍ സി ചെറുവത്തൂര്‍, ജി ഡബ്ല്യൂ യു പി എസ് ചെറുവത്തൂര്‍, എ എല്‍ പി എസ് തടിയന്‍ കൊവ്വല്‍, എ യു പി എസ് ഉദിനൂര്‍ എടച്ചക്കൈ എന്നിവിടങ്ങളിലും ഹോസ്ദുര്‍ഗ് ബിആര്‍സിയുടെ നേതൃത്വത്തില്‍ എന്‍ കെ ബി എം യു പി എസ് നീലേശ്വരം, ജി യു പി എസ് ബേളൂര്‍, ജി വി എച്ച് എസ് എസ് മടിക്കൈ 11 , ബി ആര്‍സി ഹോസ്ദുര്‍ഗ്,  ജി എച്ച് എസ് എസ് ചാമുണ്ഡിക്കുന്ന് എന്നിടിങ്ങളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് ഹെല്‍പ് ഡെയ്കുകളുടെ പ്രവര്‍ത്തനം. ഓരോ കേന്ദ്രങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തനം.