തിരുവല്ല താലൂക്ക് ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

post

പത്തനംതിട്ട : അഡ്വ.മാത്യു ടി.തോമസ് എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തി വികസന പദ്ധതി 2020-21 പ്രകാരം തിരുവല്ല താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 68,02509 രൂപയുടെ കോവിഡ് 19 ചികിത്സാ ഉപകരണങ്ങളുടെ വിതരണം നടത്തി. തിരുവല്ല താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിക്ക് 68,02509 രൂപയും  മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് 43 കോടി രൂപയും കോവിഡ് കാലത്ത് അനുവദിച്ചതായി എംഎല്‍എ പറഞ്ഞു. 2006ല്‍ എംഎല്‍എ ആയതു മുതല്‍ തിരുവല്ല താലൂക്ക് ആശുപത്രിയുടെ കെട്ടിടം ഉള്‍പ്പെടെയുള്ള പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ സാധിച്ചു. ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ഉണ്ടാകാതിരിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നാല് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, നാല് ബൈപാസ് വെന്റിലേറ്റര്‍, ഐസിയു കോട്ട് 10 എണ്ണം, ഏഴ് മള്‍ട്ടിപാരാമോണിറ്റര്‍, ഒരു വീഡിയോ ലാരിഗോസ്‌കോപ്പ്, സിറിഞ്ച് പമ്പ്,    മള്‍ട്ടിപാരാമീറ്റര്‍, ഇ.സി.ജി.മെഷീന്‍, എ.ബി.ജി.മെഷീന്‍, വെയിന്‍ ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, അള്‍ട്രാസൗണ്ട് മെഷീന്‍, ക്രാഷ് കാര്‍ട്ട്, കാഫ് പമ്പ്, വെന്റിലേറ്റര്‍ ഐസിയു തുടങ്ങിയ 15 ഇനങ്ങളാണ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ ഒമ്പത് ഇനങ്ങള്‍ ലഭിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, വാര്‍ഡ് അംഗം ബിജു ലങ്കാഗിരി, എച്ച്എംസി മെമ്പര്‍മാരായ എം.പി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ വേണാട്, പ്രേംജിത്ത് ശര്‍മ, കുരുവിള കുഞ്ഞ്, മുനിസിപ്പല്‍ സെക്രട്ടറി സജികുമാര്‍, ആശുപത്രി ലേ സെക്രട്ടറി ബിജി സി. മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. അജയ് മോഹന്‍, ആര്‍എംഒ ഡോ.എം. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.