ലോകകേരളസഭ: മാറ്റുകൂട്ടാന്‍ വിവിധ പരിപാടികള്‍

post

തിരുവനന്തപുരം: ലോകകേരളസഭയോടനുബന്ധിച്ച് വിവിധ കലാപരിപാടികളാണ് നിയമസഭാങ്കണത്തിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി അരങ്ങേറുക. ലോക കേരളസഭയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ജനുവരി ഒന്നിന് വൈകുന്നേരം 5ന് പ്രഭാവര്‍മ്മ രചിച്ച് ശരത് ഈണം പകര്‍ന്ന് ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന മുദ്രാഗാനത്തിന്റെ നൃത്താവിഷ്‌ക്കാരവും ഉദ്ഘാടനത്തിനുശേഷം രാത്രി ഏഴുമണിക്ക് 'അഗ്നി' മെഗാ ഷോയും ആശാ ശരത്ത്, പാരീസ് ലക്ഷ്മി, വിധു പ്രതാപ്, ഷംന കാസിം എന്നിവരെ അണിനിരത്തി സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കുന്ന സംഗീത-നൃത്ത-ദൃശ്യ സമന്വയവും അരങ്ങേറും.

ജനുവരി രണ്ടിന് വൈകുന്നേരം 7.30 ന് നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍വച്ച് ലോകപ്രശസ്ത ബംഗ്ലാദേശി സംഗീതജ്ഞ സാമിയ മഹ്ബൂബ് അഹമ്മദ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസന്ധ്യയും തുടര്‍ന്ന് പ്രവാസ സംഗീതികയും ഒരുക്കിയിട്ടുണ്ട്. നൈജീരിയന്‍ സംഗീതജ്ഞന്‍ ജോര്‍ജ്ജ് അക്ക്വറ്റി അബാന്‍, ദക്ഷിണാഫ്രിക്കന്‍ ഗായിക അന്ന ഖാന, സൂഫി ഗായിക അനിതാ ഷേക്ക്, ജാസി ഗിഫ്റ്റ് എന്നിവരെ അണിനിരത്തിക്കൊണ്ട് പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ഗ്ലോബല്‍ എക്‌സൈല്‍ ബാന്‍ഡ് മള്‍ട്ടിമീഡിയ മെഗാ ഷോയും ജാംബേ ജനകീയ തളസമന്വയവും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകും.

ജനുവരി 1, 2 തീയതികളില്‍ എല്ലാ ജില്ലകളിലും ജനകീയ സാംസ്‌കാരികവിരുന്ന് നടക്കും. 2019 ഡിസംബര്‍ 29 മുതല്‍ 2020 ജനുവരി 2 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പ്രവാസി മലയാളത്തിന്റെ ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കിയ വെര്‍ച്വല്‍ റിയാലിറ്റി മള്‍ട്ടിമീഡിയ പ്രദര്‍ശനവും ആഗോള ഫോട്ടോഗ്രഫി മത്സരചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 

'നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ സാന്നിദ്ധ്യം' എന്ന ആശയത്തില്‍ ബോസ് കൃഷ്ണമാചാരി ഒരുക്കിയ ഇന്‍സ്റ്റലേഷന്റെയും സൈനിങ് ഗ്ലോബിന്റെയും പ്രദര്‍ശനം നിയമസഭാ കവാടത്തിലും  വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ഒരുക്കുന്ന നവോത്ഥാന ചിത്രപ്രദര്‍ശനം മാനവീയം വീഥിയിലും മീഡിയ അക്കാദമിയും സാംസ്‌കാരിക സ്ഥാപനങ്ങളും ഒരുക്കുന്ന പ്രവാസ ഫോട്ടോ പ്രദര്‍ശനവും ജനുവരി 1 മുതല്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.