കോവിഡ് പ്രതിരോധം: ജില്ലയില്‍ മികച്ച ഏകോപന പ്രവര്‍ത്തനം

post

ഇടുക്കി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ മാതൃകാപരമായ ഏകോപനമാണ് നടന്നു വരുന്നതെന്ന് സര്‍വ്വകക്ഷി യോഗം വിലയിരുത്തി. ഇതര ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തില്‍  കുറവുണ്ട്. രോഗബാധിതരുള്ള പ്രദേശത്തു നിന്നും മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള വ്യാപനം നിയന്ത്രിക്കാനാകുന്നുണ്ട്. ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുന്നതിന് ഓരോ വാര്‍ഡ് തലത്തിലും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ചേര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സമിതികള്‍ രൂപീകരിച്ച്,  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ചരക്കുമായെത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് അതത് വ്യാപാരികളോ സ്ഥാപന ഉടമകളോ ഭക്ഷണം വാഹനത്തിലെത്തിച്ച് നല്കണം. അവര്‍ പുറത്തിറങ്ങി മറ്റ് സ്ഥാപനങ്ങളില്‍ കയറാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സര്‍വകക്ഷി യോഗം ആവശ്യപെട്ടു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കണമെന്നും റോഡരുകില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

കണ്ടെയിന്‍മെന്റ് മേഖലയിലെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കണമെന്നും എല്ലാ പഞ്ചായത്തുകളിലും ഉള്‍പ്രദേശങ്ങളിലടക്കം ജാഗ്രതാ അനൗണ്‍സ്മെന്റുകള്‍ നടത്തണമെന്നും റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴേതലങ്ങളില്‍ ഏകോപിപ്പിക്കണമെന്നും കോവിഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം ഉടനാരംഭിക്കണമെന്നും പി.ജെ.ജോസഫ് എം.എല്‍.എ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് വിഭാഗത്തിന് അധിക ചുമതല നല്‍കിയതോടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ആരോഗ്യ വിഭാഗം പിറകോട്ടു പോകരുതെന്നും മഴക്കെടുതിയില്‍ വണ്ടിപ്പെരിയാര്‍, ഏന്തയാര്‍ പോലുള്ള പ്രദേശങ്ങളില്‍ ഉണ്ടാകാനിടയുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

രോഗവ്യാപനം തടയുന്നതിനായി ചെക്കു പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കണമെന്നും ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഒരു മാസത്തേയ്ക്ക് എങ്കിലും നിര്‍ത്തിവയ്ക്കാന്‍ നടപടി വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പറഞ്ഞു.

മഴക്കെടുതി മുന്‍കരുതലായി ജില്ലയില്‍ ഇപ്പോള്‍ തന്നെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഗവ. എച്ച് എസ് എസ് ദേവികുളം, മൂന്നാര്‍ ശിക്ഷക് സദന്‍, ഗവ. വിഎച്ച്എസ്ഇ മൂലമറ്റം എന്നിവിടങ്ങളില്‍ ആരംഭിച്ച ക്യാമ്പുകളിലായി 15 കുടുംബങ്ങളിലെ 40 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചു. അപകട മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാര്‍ ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

കോവിഡ് ടെസ്റ്റിനായി ലാബ് റെഡിയായിട്ടുണ്ട്. ഇതിനായി നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരും ടെക്നീഷ്യന്‍മാരും ട്രെയിനിംഗില്‍ പങ്കെടുത്തു വരുന്നു. ഐ സി എം ആറിന്റെ അനുമതി കൂടി ലഭിച്ചാല്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിക്കാനാകും. പോലീസും ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച ശേഷമാണ് കോവിഡ് രോഗബാധിതരുടെ രോഗ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആരോഗ്യ വിഭാഗവുമായി യോജിച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ പോലീസ് നല്‍കിവരുന്നതെന്നും വീട്ടു സാധനങ്ങള്‍ വാങ്ങുന്നതിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയാല്‍  ജനത്തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ പ്രയോജനപ്രദമാകുമെന്നും എസ്.പി  ആര്‍.കറുപ്പസ്വാമി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചതായും  ജല ശുദ്ധീകരണ ടെസ്റ്റ് പ്രഥമ ഘട്ടം നടത്തിയിട്ടുമുണ്ട്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം കൂടി ലഭിച്ചാലുടന്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഡിഎംഒ ഡോ.എന്‍.പ്രിയ അറിയിച്ചു. ഈ മാസം 15ന് ജനറല്‍ ഒ.പി ആരംഭിക്കും. പ്രത്യേക പനി ക്ലിനിക്ക് തുടങ്ങും. കോവിഡ് പരിശോധനയ്ക്കായി 2200 ലധികം ആന്റിജന്‍ ടെസ്റ്റ് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ പുതുതായി 6000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമായിട്ടുള്ളതായും ഡി എം ഒ അറിയിച്ചു.

കളക്ട്രേറ്റില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,

 ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, എസ്.പി ആര്‍.കറുപ്പസ്വാമി, ഡിഎംഒ ഡോ.എന്‍.പ്രിയ, എ ഡി എം  ആന്റണി സ്‌കറിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ.ജയചന്ദ്രന്‍, ഇബ്രാഹിം കുട്ടി കല്ലാര്‍ , സി. യു. ജോയി, ജെ.ജയകുമാര്‍,  എം.കെ.നവാസ്, ജോസ് കുഴിക്കണ്ടം, സി.എം.അസീസ്, സി.വി.വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, എം.ഡി. അര്‍ജുനന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍, ഡി പി എം ഡോ.സുജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, പി.ജെ.ജോസഫ്, ഇ. എസ്. ബിജിമോള്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കു ചേര്‍ന്നു.