കൊച്ചുകല്‍-നെടുമണ്‍കാവ് റോഡ് സെപ്റ്റംബര്‍ അവസാനം പൂര്‍ത്തിയാക്കും

post

പത്തനംതിട്ട : ആനയടി-കൂടല്‍ റോഡിലെ കോന്നി മണ്ഡലത്തില്‍ വരുന്ന കൊച്ചുകല്‍ മുതല്‍ നെടുമണ്‍കാവ് വരെയുള്ള ആറു കിലോമീറ്റര്‍ ഭാഗം സെപ്റ്റംബര്‍ അവസാനം  പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. റോഡ് നിര്‍മാണം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 109 കോടി രൂപ നിര്‍മാണ ചെലവില്‍ ആനയടി  മുതല്‍ കൂടല്‍  വരെ 35 കിലോമീറ്റര്‍ ദൂരമാണ്  10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നത്. മാവേലിക്കര മെറ്റാ ഗാര്‍ഡ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ  കടന്നുപോകുന്ന പ്രധാന പാതയാണിത്. കോന്നി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ ഓടപണി 80 ശതമാനം പൂര്‍ത്തിയായി. സൈഡ് കെട്ടുന്ന ജോലികള്‍ 90 ശതമാനവും പൂര്‍ത്തിയായി. കള്‍വേര്‍ട്ടുകളുടെ നിര്‍മാണവും പൂര്‍ത്തിയായി.

  കല്ലേലി തോട് പാലം പൊളിച്ചു പണിയുന്ന ജോലി തുടങ്ങിയിട്ടില്ല. തോട്ടിലെ ജലനിരപ്പ് പണിക്ക് തടസമാണെന്ന് കരാറുകാരന്‍ പറഞ്ഞു. റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതു മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള  പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും, ജനപ്രധിനിധികളോടുമൊപ്പം എംഎല്‍എ റോഡ് നിര്‍മാണം പരിശോധിക്കാന്‍ വീണ്ടും എത്തിയത്.

    ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും റോഡ് നിര്‍മാണം വൈകുന്നത് മൂലമുള്ള പ്രയാസങ്ങള്‍ എംഎല്‍എയെ അറിയിച്ചു. വളരെ വേഗത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എംഎല്‍എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  

   എംഎല്‍എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എന്‍. സോമരാജന്‍ , ഗ്രാമപ്പഞ്ചായത്തംഗം പി.വി. ജയകുമാര്‍,   പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സി.എന്‍ജിനിയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. ബിനു, അസി. എന്‍ജിനിയര്‍ മുരുകേശ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.