കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളിലും കര്‍ശന പരിശോധന

post

തിരുവനന്തപുരം : കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാസ്‌ക് ധരിക്കാത്ത 7300 സംഭവങ്ങള്‍ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങി. കണ്ടെയിന്‍മെന്റ് മേഖലകളില്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങള്‍ കൂട്ടം കൂടുന്ന ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, കല്യാണവീടുകള്‍, മരണവീടുകള്‍, മാര്‍ക്കറ്റ്, തുറമുഖം എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

പോലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. കോണ്‍ടാക്ട് ട്രെയിസിങ്ങിന് പൊലീസിന്റെ  അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയില്‍ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലര്‍ക്ക് തോന്നി. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിന് കൈമാറിയിട്ടില്ല. അതേസമയം, ആരോഗ്യസംവിധാനത്തെയും പ്രവര്‍ത്തകരെയും സഹായിക്കുക എന്ന ജോലിയാണ് പോലീസിനെ അധികമായി ഏല്‍പ്പിച്ചത്. ഇതുവരെ സമ്പര്‍ക്കവ്യാപനത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയും സമ്പര്‍ക്കംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പൊലീസ് സഹായം നല്‍കിയിരുന്നു. രോഗവ്യാപനം വര്‍ധിച്ച ഈ ഘട്ടത്തില്‍ ആ ഉത്തരവാദിത്തം കൂടുതലായി പൊലീസിനെ ഏല്‍പിക്കുകയാണ് ചെയ്തത്. അതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് യാത്രചെയ്തവരുണ്ടാകാം, വിപുലമായ സമ്പര്‍ക്കപ്പട്ടികയുള്ളവരുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സൈബര്‍ സഹായം ഉള്‍പ്പെടെ ആവശ്യമായി വരും. മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ പോലീസിന് മികച്ച രീതിയില്‍ സാധിക്കും. അതിനുള്ള സംവിധാനങ്ങളും അന്വേഷണമികവും പോലീസിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.