ജില്ലയിലെ വിവിധ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 45 ജലപരിശോധനാ ലാബുകള്‍

post

തൃശൂര്‍:  ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെമിസ്ട്രി ലാബുകളോട് ചേര്‍ന്ന് 45 ഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കും. ജല ഗുണനിലവാര പരിശോധനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരിശോധന ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി എംഎല്‍എമാര്‍ നിയോജക മണ്ഡലത്തില്‍ സൗകര്യം ഏര്‍പ്പെടുത്തും. തങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുകയും ചെയ്യും. ഓരോ ലാബിനും ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുക.

ജില്ലയില്‍ കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഏഴ്, ഗുരുവായൂര്‍ എട്ട്, ചാലക്കുടി ഏഴ്, ചേലക്കര ഒന്‍പത്, ഒല്ലൂര്‍ ആറ്, മണലൂരില്‍ എട്ട് എന്നിങ്ങനെ സ്‌കൂളുകളിലാണ് ലാബുകള്‍ തുടങ്ങുക.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കെഐഐഡിസി) നിര്‍മ്മാണ ചുമതല. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളാണ് ജലപരിശോധന നടത്തുക. സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുക, ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുക, കിണറുകള്‍ വീണ്ടെടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനുള്ള പ്രാഥമിക പരിശോധനാ ലാബാണ് സജ്ജീകരിക്കുക. ഒരു പഞ്ചായത്തില്‍ ഒരു ലാബ് എന്നതാണ് ലക്ഷ്യം. പരിശോധന ഫലത്തോടൊപ്പം പരിഹാര നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഫലങ്ങള്‍ പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് കേരളക്ക് നല്‍കും. ഇത് കൂടുതല്‍ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കും.