സുഭിക്ഷ കേരളം: വലപ്പാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ജൈവ പച്ചക്കറി കൃഷി

post

തൃശൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിമ്പ്രം പതിമൂന്നാം വാര്‍ഡില്‍ ജനകീയ കൂട്ടായ്മ ഒരുക്കിയ ഏഴ് ഏക്കറോളം വരുന്ന ജൈവ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു. വലപ്പാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ പി എസ് ഷജിത്തിന്റെ നേതൃത്വത്തില്‍ തീരദേശക്ഷേമ സഹകരണ സംഘവും ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ സംഗമം ഗ്രൂപ്പ് കഴിമ്പ്രത്തിന്റെയും സഹകരണത്തോടെ ആറ് ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. രണ്ട് ഏക്കര്‍ സ്ഥലത്ത് 3000 ത്തോളം മരച്ചീനിയും ഒന്നര ഏക്കര്‍ വീതമുള്ള സ്ഥലത്ത് പയറും കൂര്‍ക്കയും കൂടാതെ ഒരു ഏക്കറില്‍ കരനെല്ലും ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാലപ്പെട്ടിയില്‍ ഒരു ഏക്കറില്‍ വാഴ, ഇഞ്ചി, പച്ചമുളക്, ചേന, ചേഞ്ച്, വഴുതിന, വെണ്ട, മത്തന്‍, കസ്തൂരിമത്തള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് നിലം ഒരുക്കിയാണ് ഇതിന് തുടക്കം കുറിച്ചത്. കൂര്‍ക്കയും കൊള്ളിയും ഒഴികെയുള്ള മറ്റെല്ലാ ഇനങ്ങളും ഓണത്തോടനുബന്ധിച്ച് വിളവെടുക്കാവുന്ന തരത്തിലാണ് നട്ടത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകളുടെ പ്രശംസ പിടിച്ചുപറ്റിയാണ് ഈ കൂട്ടായ്മ കൃഷിയുമായി മുന്നോട്ട് പോകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് ഉള്‍പ്പെടെയുള്ളവര്‍ ജൈവച്ചക്കറി കൃഷിക്ക് സഹായവുമായി രംഗത്തുണ്ട്.