എഴുന്നൂറോളം വരുന്ന കോവിഡ് രോഗികള്‍ക്ക് അന്നമേകി നാഷണല്‍ ഹെല്‍ത്ത് മിഷന്‍

post

ആലപ്പുഴ : കായംകുളത്തെ എല്‍മെക്‌സ് ആശുപത്രി, മാവേലിക്കരയിലെ പി എം ആശുപത്രി ചെങ്ങന്നൂറിലെ സെഞ്ച്വറി ആശുപത്രിയി എന്നീ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലെ 700 ഓളം വരുന്ന രോഗികള്‍ക്ക് ദിവസവും സൗജന്യഭക്ഷണമെത്തിക്കുകയാണ് ജില്ലയിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍. രാവിലെ ചായയില്‍ ആരംഭിച്ചു പ്രഭാത ഭക്ഷണം, ഉച്ചഊണ്, വൈകിട്ട് ചായ ലഘു ഭക്ഷണം, രാത്രി ആഹാരം എന്നിങ്ങനെ ഒരു ദിവസത്തെ ആവശ്യമായ മുഴുവന്‍ ഭക്ഷണങ്ങളും നല്‍കി വരുന്നുണ്ട്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ട്രെയിനിങ് സെന്ററിലെ അടുക്കളയില്‍ നിന്ന് പാകം ചെയ്താണ് ജില്ലയിലെ വിവിധ സെന്ററുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്.

ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡിന്റെ ഭാഗമായി ജോലി നിര്‍വഹിച്ചു കൊണ്ടിരുന്ന എന്‍ എച്ച് എമ്മിന്റെ ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതിന് വേണ്ടി ആരംഭിച്ച അടുക്കളയില്‍ നിന്ന് പിന്നീട് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചതോടെ ഭക്ഷണം അവിടേയ്ക്കും നല്‍കാന്‍ ആരംഭിച്ചുവെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്‍ എച്ച് എമ്മിന്റെ ഡയറ്റിഷന്‍ ജോഷിമി വര്‍ഗീസിന്റെ നേതൃത്വത്തില്‍ 14 ജീവനക്കാര്‍ക്കാണ് അടുക്കളയുടെ ചുമതല. വിവിധ ഷിഫ്റ്റുകളിലായാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പുലര്‍ച്ച 3.30 നു ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും അതിനു ശേഷം അടുത്ത ഷിഫ്റ്റ് ആരംഭിച്ചു വൈകിട്ട് 5.30നു രാത്രി ഭക്ഷണം കൊടുത്തു വിടുന്നതിലൂടെ അവസാനിക്കും.

ഓരോ ദിവസവും വ്യത്യസ്ത ആഹാരങ്ങളാണ് അടുക്കളയില്‍ തയ്യാറാക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ബിരിയാണി നല്‍കും. പച്ചക്കറി, മീന്‍, ഇറച്ചി, പലവഞ്ജനങ്ങള്‍ തുടങ്ങിയവ നേരിട്ട് ഗുണ നിലവാരം ഉറപ്പു വരുത്തിയാണ് വാങ്ങി ഉപയോഗിക്കുന്നത്. കൂടാതെ കുടുംബശ്രീ വഴി വാങ്ങുന്ന പലഹാരങ്ങള്‍ അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ദിവസവും വിതരണത്തിനെത്തിക്കുന്നത്. സെന്ററുകളില്‍ വിവിധ പ്രായത്തിലുള്ള രോഗികളാണുള്ളത്. അവരുടെ ആരോഗ്യം മുന്നില്‍ കണ്ടു ആവശ്യാനുസരണം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനും ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ പറഞ്ഞു്. ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കുറുക്കും 10 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ആഹാരത്തിനു പുറമെ പാല്‍, മുട്ട, പുഴുങ്ങിയ ഏത്തപ്പഴം, ബിസ്‌ക്കറ്റ് എന്നിവയും നല്‍കി വരുന്നുണ്ട്. പ്രമേഹ രോഗികള്‍, അലര്‍ജി ഉള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്കും പ്രത്യേക ആഹാര സംവീധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദിവസവും രോഗികളില്‍ നിന്ന് പ്രതികരണങ്ങള്‍ ചോദിച്ചറിഞ്ഞു അവരുടെ താല്പര്യങ്ങള്‍ അറിഞ്ഞു അടുക്കളയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി പി എം കെ ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ജില്ല പഞ്ചായത്തിന്‍രെ നേതൃത്വത്തിലാണ്. മെഡിക്കല്‍ കോളജ് കാന്റീനോട് ബന്ധപ്പെട്ടാണ് കോവിഡ് രോഗികള്‍ ഉള്‍പ്പടെയുള്ള അഞ്ഞൂറോളം പേര്‍ക്ക് ജില്ല പഞ്ചായത്ത് ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.മാത്യു ഉള്‍പ്പടെയുള്ളവര്‍ എന്‍.എച്ച്.എമ്മിന്റെ അടുക്കള സന്ദര്‍ശിച്ചിരുന്നു.