വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി: തിരിച്ചറിഞ്ഞത് കാലിക്കറ്റിലെ ഗവേഷക സംഘം

post

മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതല്‍ക്കൂട്ടായി വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി. കാലിക്കറ്റ് സര്‍വകലാശാല ഗവേഷകരുടെ സംഭാവനയായി  ജസ്നേറിയസി സസ്യകുടുംബത്തില്‍പ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്. വയനാടന്‍ മലനിരകളില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഹെലന്‍ കീലിയ വയനാടന്‍സിസ് എന്നാണ് പുതിയ ചെടിയ്ക്ക് പേരിട്ടിരിക്കുന്നത്. സര്‍വകലാശാല സസ്യശാസ്ത്ര പഠന വകുപ്പിലെ പ്രൊഫ. ഡോ. സന്തോഷ് നമ്പിയും കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ ഗസ്റ്റ് അധ്യാപിക ഡോ.ജനീഷ ഹസീമും ചേര്‍ന്നാണ്  പുതിയ പൂച്ചെടിയെ തിരിച്ചറിഞ്ഞത്.  കണ്ടെത്തല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോ സ്പേം ടാക്സോണമി (ഐ.എ.എ.ടി) യുടെ അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ റീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വയനാട് മീനങ്ങാടിയിലെ കടുവാക്കുഴി മലനിരകളില്‍ നിന്ന് 1200 കിലോമീറ്റര്‍ മുകളിലായി പാറയിടുക്കുകളിലാണ് ഇവ കാണപ്പെടുന്നത്. നിലം പറ്റി വളരുന്ന വലിയ ഇലകളോടു കൂടി ചെടിയില്‍ ഭംഗിയുള്ള പുഷ്പങ്ങളുണ്ടാകും. ഉയര്‍ന്നു നില്‍ക്കുന്ന പൂങ്കുലകളില്‍ ഇളം വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കളാണുണ്ടാകുക. ലോകത്ത് ആകെ എഴുപത് സ്പീഷിസുകളുള്ള ഈ ജനുസ്സില്‍ 15 എണ്ണവും ദക്ഷിണേന്ത്യയിലാണ് കാണപ്പെടുന്നത്. ഇതില്‍ മൂന്നെണ്ണത്തെ തിരിച്ചറിഞ്ഞത് ഡോ. സന്തോഷ് നമ്പിയും സംഘവുമാണ്.