പ്രകൃതിക്കേറ്റ പ്രത്യാഘാതങ്ങളെപ്പറ്റി സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തല്‍ വേണം

post

* അഖിലേന്ത്യാ സോഷ്യോളജി കോണ്‍ഫറന്‍സിന് തുടക്കമായി

തിരുവനന്തപുരം : വികസനവും സാങ്കേതികവിദ്യയും നല്‍കിയ ഗുണഫലങ്ങള്‍ക്കൊപ്പം പരിസ്ഥിതിയിലും പ്രകൃതിയിലും അതേല്‍പ്പിച്ച പ്രത്യാഘാതങ്ങളും സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തല്‍ നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ നടന്ന 45ാമത് അഖിലേന്ത്യാ സോഷ്യോളജി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ നമുക്ക് പുരോഗതി നല്‍കുമ്പോള്‍ തന്നെ പ്രകൃതിക്ക് നാശങ്ങളുമുണ്ടാക്കുന്നുണ്ട്. ലോകത്തെ കൂടുതല്‍ സുസ്ഥിരവും ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്നതുമായ ക്രിയാത്മകമായ സാംസ്‌കാരിക മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഗവര്‍ണര്‍ സാമൂഹ്യശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. സാമൂഹ്യശാസ്ത്രത്തെ ശക്തമായ ചരിത്രബോധമായിരിക്കണം നയിക്കേണ്ടത്. സാമൂഹികശാസ്ത്രങ്ങള്‍ നമുക്ക് നല്‍കുന്ന അറിവ് എത്ര നന്നായി ഉപയോഗിക്കുന്നു എന്നത് നമ്മെ നയിക്കുന്ന മൂല്യങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ആര്‍. ഇന്ദിര അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: വി.പി. മഹാദേവന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സ് വിഭാഗം ഡീന്‍ ഡോ: ഷാജി വര്‍ക്കി, സിന്‍ഡിക്കേറ്റംഗം അഡ്വ: കെ.എച്ച്. ബാബുജാന്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ: ആന്റണി പാലയ്ക്കല്‍ സ്വാഗതവും ഇന്ത്യന്‍ സോഷ്യോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി ഡോ: ഡി.ആര്‍. സാഹു നന്ദിയും പറഞ്ഞു.
'പരിസ്ഥിതി, സംസ്‌കാരം, വികസനം: വ്യവഹാരങ്ങളും പാരസ്പര്യവും' എന്നതാണ് ഇത്തവണത്തെ സോഷ്യോളജി കോണ്‍ഫറന്‍സിന്റെ പ്രമേയം. കേരളം സമീപകാലത്ത് അഭിമുഖീകരിക്കുന്ന മഹാപ്രളയത്തിന്റെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ 'ശാസ്ത്ര സാങ്കേതിക വെല്ലുവിളികളും കേരളത്തിന്റെ പുനര്‍നിര്‍മിതിയും' എന്ന വിഷയത്തില്‍ ഇന്ത്യയിലെ പ്രഗത്ഭ സമൂഹ ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കുന്ന പ്രത്യേക സിമ്പോസിയം സവിശേഷതയാണ്. ഇതില്‍ ഉരുത്തിരിയുന്ന ചര്‍ച്ചകളും നിര്‍ദേശങ്ങളും സമാഹരിച്ച് കേരള സര്‍ക്കാരിന് സമര്‍പ്പിച്ച് കേരള പുനര്‍നിര്‍മാണ ദൗത്യത്തിന് ശക്തിപകരാനും സമ്മേളനം ലക്ഷ്യമിടുന്നു. കൂടാതെ 'വികസനവും സാംസ്‌കാരിക വിവക്ഷകളും: അടിസ്ഥാന വര്‍ഗ കാഴ്ചപ്പാടില്‍', 'നവ ഉദാരവത്കരണ കാലഘട്ടത്തില്‍ ദേശീയ പുനര്‍നിര്‍മിതി' എന്നീ വിഷയങ്ങളിലും സിമ്പോസിയം നടത്തും. ആഗോളതലത്തില്‍ പ്രശസ്തനായ സാമൂഹ്യശാസ്ത്ര സൈദ്ധാന്തികന്‍ പ്രൊഫ: ജെഫ്രി അലക്‌സാണ്ടര്‍ രണ്ടു പ്രഭാഷണങ്ങള്‍ നടത്തും. ഇന്ത്യയിലും വിദേശത്തും നിന്നായി 2000ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 29ന് സമാപിക്കും