റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

 പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ജനക്ഷേമപരവും ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കെട്ടിടം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ക്ഷീരവികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവ പഴയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

3.15 കോടി രൂപ ചെലവഴിച്ചാണ് 9650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്നു നില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. താഴത്തെ രണ്ടു നിലകളിലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ ക്യാബിന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഓഫീസ് എന്നിവയും മൂന്നാമത്തെ നിലയില്‍ 250 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 

രാജു എബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എം.എല്‍.എ. വികസനരേഖ പ്രകാശനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വൈസ് പ്രസിഡന്റ് ആന്‍സണ്‍ തോമസ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം ബിനോയ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ നീറം പ്ലാക്കല്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ആര്‍. രാജശേഖരന്‍ നായര്‍, ഹാബിറ്റേറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍കിടെക്ട് ഡോ. ജി. ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.