ഓഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം നിയന്ത്രണങ്ങള്‍ പാലിച്ച് : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : ട്രോളിങ് നിരോധനത്തിന് ശേഷം ഓഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം നിയന്ത്രണങ്ങളോടെ ആരംഭിക്കാമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. മത്സ്യബന്ധനം പുനരാരംഭിക്കുമ്പോള്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് ഒന്‍പത് തീരദേശ ജില്ലകളിലെ കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കടല്‍ക്ഷോഭമുണ്ടെങ്കില്‍  മത്സ്യബന്ധനത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം ജില്ലയില്‍ അക്കങ്ങള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം എണ്ണം ക്രമീകരിച്ചുള്ള അനുമതിയും കൊല്ലം അടക്കമുള്ള ജില്ലകളിലെ നിലവിലുള്ള വള്ളങ്ങളുടെ പകുതി എണ്ണത്തിന് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് നിശ്ചിത ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം.

പുനരാരംഭിക്കുന്ന മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഹാര്‍ബറുകളിലെ മാനേജ്മെന്റ് സമിതി, മത്സ്യം കരയ്ക്ക് അടുപ്പിക്കുന്ന പ്രദേശങ്ങളിലെ ജനകീയ സമിതി എന്നിവ തീരുമാനിക്കും.  

ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലെയും ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളും  ലാന്‍ഡിംഗ് സെന്ററുകളുടെ ജനകീയ കമ്മറ്റികള്‍ രൂപികരിച്ചിട്ടുണ്ട്. മാനേജ്മെന്റ് സൊസൈറ്റികള്‍ രൂപീകരിക്കാത്ത ഹാര്‍ബറുകളില്‍ എത്രയും വേഗം സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന   വള്ളങ്ങളുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കേണ്ട ചുമതലയും മാനേജ്മെന്റ് സൊസൈറ്റിക്കാണ്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

കണ്ടയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഹാര്‍ബറുകളിലെ ലാന്‍ഡിംഗ് സെന്ററുകളില്‍ പിടിക്കുന്ന മത്സ്യം പുറത്തേക്ക് പോകാതെ പ്രാദേശികമായി തന്നെ കച്ചവടം ചെയ്യണം, ചെറുകിട വിലപ്പനക്കാര്‍ക്ക് ക്കാര്‍ക്ക് പകരം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലോറികളില്‍  മത്സ്യമെടുക്കാന്‍ അനുമതി. കമ്മറ്റി നിര്‍ദ്ദേശിക്കുന്ന ഒന്നിടവിട്ട  ദിവസങ്ങളിലായിരിക്കും ഈ സൗകര്യമുണ്ടാകുക.

ലേലം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും മത്സ്യത്തിന്റെ  വില നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മാനേജ്മെന്റ് സൊസൈറ്റിയെ സഹായിക്കാന്‍ ലേലക്കാരെ നിയോഗിക്കാം.

ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യബന്ധനത്തിന് കൊണ്ടുവരാനാകില്ല, നിലവില്‍ എത്തിക്കഴിഞ്ഞവരെ നിരീക്ഷണം പൂര്‍ത്തിയാക്കിയെന്ന ഉറപ്പില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.

ചെറുകിട രീതിയില്‍ മത്സ്യം വാങ്ങുന്നതും ഇരുചക്രം, മുച്ചക്രം, തലച്ചുമട് എന്നിവ വഴി മത്സ്യം കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ലോറികള്‍ക്ക് പ്രവേശിക്കാം. ചെറുകിട കച്ചവടക്കാര്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കി മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യം എത്തിക്കും. പൊലീസ്, മറ്റ് വകുപ്പുകള്‍ ചേര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തണം.

ഫിഷറീസ് ഡയറക്ടര്‍ എം ജി രാജമാണിക്യം, പ്രിന്‍സിപ്പല്‍  സെക്രട്ടറി ടിങ്കു ബിസ്വാള്‍,  സംസ്ഥാനത്തെ തീരദേശം ഉള്‍പ്പെടുന്ന ജില്ലകളിലെ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ഡോ ലോറന്‍സ് ഹാരോള്‍ഡ്, എ ഡി എം  പി.ആര്‍.ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍,  ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-ഫിഷറീസ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.