കാര്‍ത്തികപ്പള്ളി താലൂക്കിലെ പരാതി പരിഹാര അദാലത്ത്: 98 ശതമാനം പരാതികളും തീര്‍പ്പാക്കി

post

ആലപ്പുഴ: ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലൂടെ കാര്‍ത്തികപ്പള്ളി താലൂക്കിലെ 98 ശതമാനം പരാതികളും തീര്‍പ്പാക്കി. താലൂക്കില്‍ നിന്നും 148 പരാതികളാണ് കളക്ടര്‍ക്ക് മുമ്പാകെ അദാലത്തിലൂടെ എത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അക്ഷയ സെന്ററുകളില്‍ എത്തുന്ന പരാതിക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഘട്ടങ്ങളായാണ് കളക്ടര്‍ പരാതികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ പതിനെട്ടിന് നടന്ന ആദ്യഘട്ടത്തില്‍ ഇതില്‍ 50 പരാതികള്‍ പരിഗണിച്ചിരുന്നു. ഇന്നലെ (01-08-2020) നടന്ന അദാലത്തില്‍ 53 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 50 പരാതികള്‍ക്കും ബന്ധപ്പെട്ട അധികാരികളും പരാതിക്കാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ച് തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞു. വഴിത്തര്‍ക്കം, കാലങ്ങളായുള്ള അതിര്‍ത്തി തര്‍ക്കം, നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവയാണ് പ്രധാനമായും പരാതികളായി അദാലത്തില്‍ എത്തിയത്. ഇവ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യമുള്ളവയ്ക്ക് അതിന് വേണ്ട നിര്‍ദ്ദേശം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുവാനും, അടിയന്തിര നടപടി ആവശ്യമുള്ളവക്ക് എത്രയും വേഗം നടപടി കൈക്കൊള്ളുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു.

കളക്ടറുടെ അദാലത്ത് തുണയായി: വൃദ്ധദമ്പതികളുടെ വീട്ടില്‍ വെളിച്ചമെത്തും

 78 വയസ്സുള്ള മുതുകുളം സ്വദേശിനിയായ സീതയുടേയും ഭര്‍ത്താവിന്റേയും കാലങ്ങളായുള്ള കാത്തിരിപ്പാണ് വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ എന്നത്. വൃദ്ധദമ്പതികളായ ഇവര്‍ മാത്രം താമസിക്കുന്ന ചെറിയ വീട്ടില്‍ ഇത്രകാലമായും വെളിച്ചം എത്തിയിരുന്നില്ല. ആ ദുരിതത്തിനാണ് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലൂടെ പരിഹാരമായിരിക്കുന്നത്. വീട്ടിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതുമായ ബന്ധപ്പെട്ട ചില തടസ്സങ്ങളാണ് കാലങ്ങളായുള്ള ഇവരുടെ പരാതി പരിഹരിക്കുന്നതിന് തടസ്സമായി നിന്നിരുന്നത്. ഈ പ്രശ്നത്തില്‍ എതിര്‍കക്ഷികള്‍ അടിയന്തിരമായി നോട്ടീസ് നല്‍കാനും ലൈന്‍ വലിക്കുന്നതിന് തടസ്സമായി നല്‍ക്കുന്ന മരമോ ശിഖരമോ ഉണ്ടെങ്കില്‍ മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കാനുമാണ് കളക്ടര്‍ അദാലത്തിലൂടെ നിര്‍ദ്ദേശം നല്‍കിയത്. അല്ലാത്തപക്ഷം കെ.എസ്.ഇ.ബി സ്വമേധയാ നടപടികള്‍ സ്വീകരിച്ച് 15 ദിവസത്തിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്നും കളക്ടര്‍ അദാലത്തിലൂടെ നിര്‍ദ്ദേശിക്കുകയായിരുന്നു.