ലൈഫ് പദ്ധതി; ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 14 വരെ അപേക്ഷിക്കാം

post

 അപേക്ഷ നല്‍കേണ്ടത് ഓണ്‍ലൈനായി

ആലപ്പുഴ: ഭവനരഹിതരായ ആരും തന്നെ കേരളത്തില്‍ ഉണ്ടാകരുതെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെയും തീരുമാനത്തിന്‍രെയും അടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്ന  സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കുന്നു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴിയോ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കള്‍ വഴിയോ  അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ  ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാര്‍ഗ്ഗരേഖയില്‍ ചുവടെ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഒന്‍പത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ലൈഫ് മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ പി.പി.ഉദയസിംഹന്‍ അറിയിച്ചു.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഭവനമൊരുങ്ങുന്നത്. എന്നാല്‍ ഈ ഗുണഭോക്തൃ പട്ടികയിലും ഉള്‍പ്പെടാതെപോയ  അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീടു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാവശ്യമായ മാര്‍ഗരേഖ പുറപ്പെടുവിച്ചു. 

ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതാത് നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ലാ കളക്ടര്‍മാരായിരിക്കും പരിശോധിക്കുക. സെപ്തംബര്‍ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

അര്‍ഹതാ മാനദണ്ഡങ്ങള്‍:

ഭൂമിയുള്ള ഭവന രഹിതര്‍

1. ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിനു മാത്രമായി പരിഗണിക്കേണ്ടതാണ്.  2020 ജൂലൈ ഒന്നിന് മുമ്പ് റേഷന്‍കാര്‍ഡ് ഉള്ള കുടുംബം.  ആ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം.  (പട്ടികജാതി /പട്ടികവര്‍ഗ്ഗ /മത്സ്യത്തൊഴിലാളി വിഭാഗത്തിന് ബാധകമല്ല)

2. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിര ജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരോ അംഗങ്ങള്‍ ഉള്ള കുടുംബങ്ങളെ ഒഴിവാക്കും. 

3. വാര്‍ഷികവരുമാനം മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ഉള്ള കുടുംബങ്ങളെ ഒഴിവാക്കും.

4.  ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലോ/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പ്രദേശത്ത് 5സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കും. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മത്സ്യത്തൊഴിലാളി വിഭാഗത്തിന് ബാധകമല്ല)

5.  ഉപജീവനത്തൊഴില്‍ ഉപാധി എന്ന നിലക്കല്ലാതെ നാലുചക്ര വാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കും.

6. അവകാശികള്‍ക്ക് വസ്തു ഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തം പേരില്‍ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല്‍ ഭൂരഹിതരായവര്‍ ഒഴിവാക്കപ്പെടും. 

7. ജീര്‍ണ്ണിച്ചതും  അറ്റകുറ്റപ്പണി നടത്തി വാസയോഗ്യം ആക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ ( മണ്‍ ഭിത്തി/കല്ല് ഭിത്തി, ടാര്‍പോളിന്‍, ഷീറ്റ്, തടി എന്നിവകൊണ്ട് നിര്‍മിച്ച ഭിത്തിയുള്ളതും ഷീറ്റ്, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കാം).  നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനം എന്‍ജിനീയര്‍ ഇത്തരം ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നല്‍കേണ്ടതാണ്.

ഭൂരഹിത ഭവനരഹിതര്‍

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം  താഴെ പറയുന്ന മാനദണ്ഡം കൂടി പരിഗണിക്കണം.  സ്വന്തമായി ഭൂമിയില്ലാത്തവര്‍/ റേഷന്‍കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാത്തവര്‍/ റേഷന്‍കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലും കൂടി 3 സെന്റില്‍ കുറവ് ഭൂമിയുള്ളവര്‍.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

അപേക്ഷയോടൊപ്പം രേഖകള്‍ കൂടി ഓണ്‍ലൈനായി സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡ് പകര്‍പ്പ് , അപേക്ഷകന്റെ  ആധാര്‍ കാര്‍ഡ് പകര്‍പ്പ് , വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്,  റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭൂമിയില്ലെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യ പത്രവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഏരിയായിലോ മറ്റു സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ല എന്ന ഗുണഭോക്താവിന്റെ  സാക്ഷ്യപത്രം.( ഭൂരഹിതരുടെ കാര്യത്തില്‍ മാത്രം) . ഈ മാര്‍ഗരേഖയില്‍ പറയുന്ന മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അതുസംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കണം.