റീബില്‍ഡ് കേരള: ജനാഭിപ്രായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

post

നമ്മള്‍ നമുക്കായ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അതിജീവന ക്ഷമതയുളള കേരളത്തെ രൂപപ്പെടുത്തുന്നതിന് പൊതുജന അഭിപ്രായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനുളള നമ്മള്‍ നമുക്കായ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് നമ്മള്‍ നമുക്കായ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. www.rebuild.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'നമ്മള്‍ നമുക്കായ്' ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ പോര്‍ട്ടലില്‍ പ്രവേശിക്കാം. ഇന്ത്യക്കകത്തും, പുറത്തുമുളള വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുളള സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അഭിപ്രായം രേഖപ്പെടുത്താം. കടലാസില്‍ എഴുതി അപ്‌ലോഡ് ചെയ്യാനും സാധിക്കും.

ഭൂവിനിയോഗം, ജലപരിപാലനം, പ്രാദേശിക സമൂഹവും അതിജീവനവും, വനപരിപാലനം, ഗതാഗതം/വാര്‍ത്താവിനിമയം/സാങ്കേതികവിദ്യ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളായി തരംതിരിച്ചാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. കൂടാതെ കൃഷി, ഖനനം, ഭൂപരിപാലനം, ആവാസം, ദുരന്തസാധ്യതാമേഖലകള്‍ എന്നിവയെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

ലോകത്തെവിടെയിരുന്നും വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ക്ക് ഓണ്‍ലൈനായി വെബിനാറില്‍ പങ്കെടുക്കുന്നതിനും സൈറ്റില്‍ സൗകര്യമൊരുക്കും. 2020 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഗ്രാമസഭകളില്‍ നമ്മള്‍ നമുക്കായ് വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഗ്രാമസഭകളില്‍ ഉരിത്തിരിയുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തി നവകേരളത്തെ പടുത്തുയര്‍ത്താന്‍ പുതിയ നയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.