ചമ്മന്നൂര്‍ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്

post

തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂര്‍ ലക്ഷംവീട് കുടിവെളള പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാകുക. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ആറ് ലക്ഷം ചിലവിട്ടാണ് ചമ്മന്നൂര്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി. വാട്ടര്‍ടാങ്ക് നിര്‍മ്മാണം, പൈപ്പിടല്‍ പ്രവര്‍ത്തനം, ഓരോ വീട്ടിലും മീറ്റര്‍ എന്നിവ സ്ഥാപിച്ചു. കൂടാതെ വൈദ്യുതീകരണം പൂര്‍ത്തിയാക്കി കെഎസ്ഇബി കണക്ഷനും ലഭ്യമാക്കി. വീടുകളില്‍ ടാപ്പ് ഘടിപ്പിക്കല്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതി പൂര്‍ത്തിയാക്കി ഉടന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു.