സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കുക: മന്ത്രി വി.എസ് സുനില്‍കുമാര്‍

post

തൃശൂര്‍ : സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കുകയെന്ന സന്ദേശമാണ് സംസ്ഥാന മന്ത്രിസഭായോഗം ഓണ്‍ലൈനാക്കിയതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ കളക്ടറേറ്റിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്യാബിനറ്റ് യോഗം ഓണ്‍ലൈന്‍ വഴിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈന്‍ വഴി നടക്കുന്നത്. അതാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം. പരിമിതമായ അംഗങ്ങള്‍ പങ്കെടുക്കുന്ന ഉന്നതമായ ക്യാബിനറ്റ് യോഗം പോലും ഒഴിവാക്കണം എന്നാണിതിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണം. എല്ലാതരത്തിലുള്ള, ഔപചാരികമായതടക്കം യോഗങ്ങള്‍ കഴിയാവുന്നതും ഓണ്‍ലൈന്‍ വഴിയാക്കുക.

നമ്മള്‍ താമസിക്കുന്ന വീട്ടിലടക്കം അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്ത് സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. സമ്പര്‍ക്ക സാധ്യതയുള്ള എല്ലാ പരിപാടികളും പരമാവധി ഒഴിവാക്കിക്കൊണ്ടല്ലാതെ സമ്പര്‍ക്കവ്യാപനത്തെ തടയാനാവില്ലെന്നും മന്ത്രി പറഞ്ഞു.