സംസ്ഥാനത്തിന് സാന്ത്വനപരിചരണനയം: ഉത്തരവായി

post

തിരുവനന്തപുരം:  ആവശ്യമുള്ള എല്ലാ വ്യക്തികള്‍ക്കും സമൂഹത്തിന്റെ  പിന്തുണയോടെയുള്ളതും ഗൃഹകേന്ദ്രീകൃതവുമായ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്യക്ഷമമായ സാന്ത്വനപരിചരണം ഉറപ്പുവരുത്തുന്നതിനായി 2019ലെ സംസ്ഥാന പാലിയേറ്റീവ് പരിചരണനയം അംഗീകരിച്ച് ഉത്തരവായി. സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരാക്കാതെ കഠിനവും മാരകവുമായ അസുഖങ്ങള്‍ ബാധിച്ചവരും മരണത്തോടടുത്തവരുമായ വ്യക്തികള്‍ക്ക് ശ്രദ്ധയും പരിചരണവും നല്‍കുകയും അവരെ വേദനയില്‍നിന്നും സംരക്ഷിക്കുകയും അഭിമാനത്തോടെ മരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നത് നയം ലക്ഷ്യംവയ്ക്കുന്നു. ഇതനുസരിച്ച് സേവനം ആവശ്യമുള്ള എല്ലാവരുടെയും അവകാശമായി പാലിയേറ്റീവ് പരിചരണത്തെ കണക്കാക്കുകയും ഏറ്റവും അത്യാവശ്യക്കാരായവര്‍ക്ക് ആദ്യം സേവനം ലഭ്യമാക്കുന്ന തരത്തിലുള്ള സമീപനം കൈക്കൊള്ളുകയും ചെയ്യും. 

മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും

കേരളത്തില്‍ നിലവിലുള്ള പാലിയേറ്റീവ് പരിചരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ മാതൃകയാണെന്നിരിക്കെ പാലിയേറ്റീവ് പരിചരണ സേവനങ്ങളുടെ ലഭ്യത വിപുലീകരിക്കുന്നതിനായി സ്വകാര്യ-സര്‍ക്കാരിതര, സമൂഹാധിഷ്ഠിത സംഘടനകള്‍ എന്നിവയെക്കൂടി പദ്ധതിയില്‍  ഉള്‍പ്പെടുത്തും. ദേശീയ ആരോഗ്യദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സമര്‍പ്പിച്ച കരട് നയം വിശദമായി പരിശോധിച്ച്, അതിന്റെ അടിസ്ഥാനത്തിലാണ് പാലിയേറ്റീവ് പരിചരണനയം സംബന്ധിച്ച ഉത്തരവ് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സാന്ത്വന പരിചരണത്തിന്റെ വ്യാപ്തിയും ഗുണവും വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പരിപാടികള്‍ കോര്‍ത്തിണക്കും. രോഗികളെ കണ്ടെത്തുന്നതില്‍ അയല്‍ക്കൂട്ടങ്ങളെ പ്രയോജനപ്പെടുത്തും. പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലെ ആരോഗ്യസംവിധാനങ്ങളിലെ പാലിയേറ്റിവ് പരിചരണം ശക്തമാക്കുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളെ ഈ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നത് നയം വിഭാവനം ചെയ്യുന്നു.

പ്രാഥമികതലത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്കും രോഗികളെ വീട്ടില്‍ചെന്ന് പരിചരിക്കാനുള്ള പരിശീലനം ഉറപ്പാക്കും. തുടക്കത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കമ്യൂണിറ്റി മെഡിസിന്റെ ഭാഗമായി പാലിയേറ്റീവ് മെഡിസിന്‍ സംവിധാനം രൂപവത്കരിക്കും. പാലിയേറ്റീവ പരിചരണ വിദഗ്ധരെ സൃഷ്ടിക്കുന്നതിന് അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രത്യേക കോഴ്‌സുകള്‍ സംസ്ഥാനത്ത് ആരംഭിക്കും.

പൗരര്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍

പാലിയേറ്റീവ് പരിചരണത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍സിസി), സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ( എസ്പിസി), നാഷണല്‍ സര്‍വ്വീസ് സ്‌കീം ( എന്‍എസ്എസ്) എന്നിവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തിനായുള്ള മരുന്നുകളും സാമഗ്രികളും ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ അവശ്യമരുന്നിന്റെ ലിസ്റ്റ് പുതുക്കും. ചികിത്സിച്ചു മാറാത്തതും മൂര്‍ഛിക്കാത്തതുമായ രോഗങ്ങള്‍ ഉള്ളവരുടെ പുനരധിവാസത്തിനായി അവര്‍ക്ക് ഉപജീവനമാര്‍ഗം ലഭ്യമാക്കുന്നതിനായുള്ള പരിശീലനം നല്‍കും. 

 സാന്ത്വന പരിചരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിപാടികള്‍ കോര്‍ത്തിണക്കും. പട്ടികവര്‍ഗക്കാര്‍, എച്ച്.ഐ.വി./ ഏയ്ഡ്‌സ് ബാധിതര്‍, മറ്റു ദുര്‍ബല വിഭാഗക്കാര്‍ എന്നിവര്‍ക്ക് പാലിയേറ്റീവ് പരിചരണനയം പ്രാമുഖ്യം നല്‍കും. കേരളത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പാലിയേറ്റീവ് പരിചരണം ലഭ്യമാക്കും.

പദ്ധതിനടപ്പാക്കലിനും മേല്‍നോട്ടത്തിനുമായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ചെയര്‍പേഴ്‌സണും ആരോഗ്യസെക്രട്ടറി, ബന്ധപ്പെട്ട മറ്റു സെക്രട്ടറിമാര്‍, വിദഗ്ധര്‍ എന്നിവര്‍ അംഗങ്ങളുമായ ഉന്നതതല സമിതി രൂപവത്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഉത്തരവ് നമ്പര്‍ :  സ.ഉ.(അച്ചടി) നം.107/2019/ആ.കു.വ  തീയതി 16/12/2019