ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ (ജൂലൈ 26) മരിച്ചു. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് (71) മരിച്ചത്. നേരത്തെ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും  പുലര്‍ച്ചെ 5.10 ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച അബ്ദുള്‍ ഖാദറിന് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതോടെ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. നേരത്തെ രോഗം ഭേദമായതിനുശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പൂന്താനം സ്വദേശിയും മരിച്ചിരുന്നു.

56 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 121 പേര്‍ ജില്ലയില്‍ രോഗമുക്തരായി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,151 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.