കോവിഡ്: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം;ജില്ലാ വികസന സമിതി യോഗം

post

തൃശൂര്‍: കോവിഡ്-19 വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന ഘട്ടമായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. മാസ്‌കുകള്‍ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിനും വിമുഖത കാണിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. പോലീസിനെയോ അധികാരികളെയോ ഭയപ്പെട്ടുകൊണ്ട് അവരെ കാണുമ്പോള്‍ മാത്രമല്ല മാസ്‌ക് ധരിക്കേണ്ടത്. ചിലയിടങ്ങളില്‍ കുട്ടികള്‍ കൂട്ടംകൂടി കളികളില്‍ ഏര്‍പ്പെടുന്നതായി കാണുന്നു. ഇത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കാം. തെരുവ് കച്ചവടങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വമേധയാ ഏര്‍പ്പെടുത്തണം. വൈറസ് വ്യാപനം അദൃശ്യമായി നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് ഓരോ പൗരനും ഉണ്ടാകേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും വളരെ പ്രധാനപ്പെട്ടതാണെന്ന ബോധ്യവും ഉണ്ടാവണം. ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ജീവനക്കാരേയും പോലീസിനേയും മറ്റ് മുന്‍നിര പ്രവര്‍ത്തകരേയും യോഗം അഭിനന്ദിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, കഴിയുന്നത്ര യോഗങ്ങളെല്ലാം ഓണ്‍ലൈനായി നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ജെ. റീന അഭ്യര്‍ത്ഥിച്ചു. കഴിയുന്നതും കൂട്ടം കൂടാതെയിരിക്കുക. നിലവില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കോവിഡ് ബാധിക്കാനുള്ള സാഹചര്യമുണ്ട്. ജനങ്ങളെല്ലാവരും പ്രത്യേകിച്ച്, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍, 10 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ ശ്രദ്ധയോടെയിരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി) തുടങ്ങാന്‍ വേണ്ട നടപടിക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കിടക്കകള്‍ ഉള്ളതും ഏറ്റവും സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ ആദ്യം സി.എഫ്.എല്‍.ടി.സി തുടങ്ങും. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്, സജ്ജമായ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങും.

ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെയാണ് സി.എഫ്.എല്‍.ടി.സികളില്‍ വിന്യസിക്കുന്നത്. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഇതിനായി പൂള്‍ ഉണ്ടാക്കി. ആയുര്‍വേദം, ഹോമിയോ വകുപ്പുകളിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയും ഈ പൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നാല് സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സി.എഫ്.എല്‍.ടി.സിയില്‍ നാല് ഡോക്ടര്‍മാരും എട്ട് സ്റ്റാഫ് നഴ്‌സും ആറ് നഴ്‌സ് ഗ്രേഡ്-2വും രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റും ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററും രണ്ട് സെക്യൂരിറ്റി ജീവനക്കാരും വേണം. സി.എഫ്.എല്‍.ടി.സികളിലെ ബയോമെഡിക്കല്‍ മാലിന്യം ഒഴിച്ചുള്ള ഖരമാലിന്യങ്ങളുടെ സംസ്‌കരണം അതത് തദ്ദേശ സ്ഥാപനങ്ങളാണ് നോക്കേണ്ടത്. കൂടുതല്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യമുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.

കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാരം-2020 നേടിയ തൃശൂര്‍ ജില്ലാ പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു.

ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, എം.എല്‍.എമാരായ ബി.ഡി. ദേവസ്സി, പ്രൊഫ. കെ.യു. അരുണന്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, വി.ആര്‍. സുനില്‍കുമാര്‍, കെ.വി. അബ്ദുല്‍ഖാദര്‍, യു.ആര്‍. പ്രദീപ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.