ജില്ലാ പോലിസ് പരിശീലന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു: ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലക്ഷ്യം

post

കാസര്‍ഗോഡ് : ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് പാറക്കട്ട ജില്ലാ പോലിസ് ആസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച ജില്ലാ പോലിസ് പരിശീലന കേന്ദ്രം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ ഉദ്ഘാടനം ചെയ്തു. ലോകത്തര നിലവാരത്തിലുള്ള പരിശീലനം പോലീസ് സേനയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും പരിശീലനത്തിനെത്തുന്നവര്‍ക്ക് താമസിക്കാനുള്‍പ്പെടുള്ള സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തിലൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

  2017-18 വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പദ്ധതി വിഹിതമായ 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പരിശീലന കേന്ദ്രം നിര്‍മ്മിച്ചത്. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ സ്വാഗതം പറഞ്ഞു. കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍, സ്പെഷ്യല്‍ ബാഞ്ച് ഡി വൈ എസ് പി സുനില്‍കുമാര്‍, ജില്ലാ ക്രൈം ബാഞ്ച് ഡി വൈ എസ്പി സതീശന്‍ ആലക്കാട്, ഡി സി ആര്‍ ബി ഡി വൈ എസ് പി ജെയ്ണ്‍ കെ അബ്രഹാം, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വൈസ് പ്രസിഡന്റ് ദിവാകര ആചാര്യ,സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ എസ് പി ഹരിശ്ചന്ദ്ര നായിക് എന്നിവര്‍ സംസാരിച്ചു. അഡീഷ്ണല്‍ എസ് പി സേവ്യര്‍ സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.