പ്രവര്‍ത്തനം വിപുലീകരിച്ച് പി.ആര്‍.ഡി. ഫാക്ട് ചെക്ക് വിഭാഗം

post

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാര്‍ത്തകള്‍/സന്ദേശങ്ങള്‍ കണ്ടെത്താനും, നടപടികള്‍ കൈക്കൊള്ളുന്നതിനുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ (IPRD Fact-Check)  ഘടനയും, പ്രവര്‍ത്തനവും  വിപുലീകരിച്ചു. കോവിഡ് സംബന്ധമായ വ്യാജവാര്‍ത്തകള്‍/സന്ദേശങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ മാത്രമായി തുടങ്ങിയ വിഭാഗം, ഇനിമുതല്‍ പൊതുവില്‍ സര്‍ക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍/സന്ദേശങ്ങള്‍ എന്നിവയും കൈകാര്യം ചെയ്യുമെന്ന് ഡയറക്ടര്‍ യു. വി. ജോസ് അറിയിച്ചു. ഏപ്രില്‍ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അധ്യക്ഷനും, ഡയറക്റ്റര്‍ കണ്‍വീനറും, മിര്‍ മുഹമ്മദ് അലി അഡൈ്വസറും, പ്രധാനപ്പെട്ട വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന മാധ്യമ എഡിറ്റര്‍മാര്‍, സൈബര്‍സുരക്ഷ, ഫാക്ട് ചെക്ക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഗവര്‍ണിങ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. പൊതുജനങ്ങള്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്സാപ്പിലൂടെ (വാട്സാപ്പ് നം: 9496003234) കൈമാറിയ 1635 സംശയകരമായ സന്ദേശങ്ങള്‍ / വാര്‍ത്തകളില്‍ 1586 എണ്ണത്തിന് വാട്സാപ്പ് അഡ്മിന്‍ മുഖാന്തിരം മറുപടി നല്‍കി. കൂടുതല്‍ അന്വേഷണവും ഉറപ്പാക്കലും ആവശ്യമായതും, സര്‍ക്കാരിനെയും പൊതുജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ  49 എണ്ണം ഫാക്ട് ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ (fb/iprdfactcheckkerala) ജനങ്ങളെ അറിയിക്കുകയും ചെയ്തു. ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബര്‍ഡോമിന് തുടര്‍നടപടികള്‍ക്കായി കൈമാറി.  

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്റ്ററേറ്റിലെ ഫാക്ട് ചെക്ക് വിഭാഗത്തിന് പുറമെ, സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഫാക്ട് ചെക് സെല്ലുകള്‍ രൂപീകരിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൂടാതെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തലുകള്‍, അറിയിപ്പുകള്‍, ബോധവത്കരണ കണ്ടെന്റുകള്‍ എന്നിവ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് ഒരു വെബ് പോര്‍ട്ടല്‍ തയ്യാറാകുന്നുണ്ട്.