കേരളം കോവിഡ് റിക്കവറി റേറ്റില്‍ പിന്നിലെന്ന പ്രചരണം തെറ്റ്

post

തിരുവനന്തപുരം : കേരളം കോവിഡ് രോഗമുക്തിയുടെ കാര്യത്തില്‍ പിന്നിലാണെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാര്‍ജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളില്‍ നിന്നും വ്യത്യസ്തമാണ്. ദേശീയ പോളിസി അനുസരിച്ച് അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറിയ രോഗലക്ഷണങ്ങളില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. കേരളമൊഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആ രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ കേരളത്തിന്റെ രീതിയനുസരിച്ച് ടെസ്റ്റ് രണ്ടു തവണ നെഗറ്റീവ് ആയതിനു ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.

ഇംഗ്ലണ്ടില്‍ നിന്നു വന്ന ആറന്‍മുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷംമാണ് ഡിസ്ചാര്‍ജ് ചെയ്തത്. 41 ദിവസമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ്19 മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.

കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ആരോഗ്യ വകുപ്പിന്റെ പുതുക്കിയ ഗൈഡ്ലൈനിലും ലക്ഷണങ്ങളില്ലാത്ത കേസുകളിലും ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് അനുവദിക്കുകയുള്ളൂ. പോസിറ്റീവ് ആകുന്നവര്‍ക്ക് ഡിസ്ചാര്‍ജ് ഉണ്ടാകില്ല. നമ്മള്‍ മുന്നിലാണെന്ന് കാണിക്കാന്‍ വേണമെങ്കില്‍ കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ് പോളിസി നമുക്ക് അതേപടി പിന്തുടരാമായിരുന്നു. എന്നാല്‍ സമൂഹത്തിന്റെ സുരക്ഷ പഴുതടച്ച് ഉറപ്പുവരുത്താനും രോഗവ്യാപനത്തിനുള്ള സാധ്യത അടയ്ക്കാനും ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രം ഡിസ്ചാര്‍ജ് എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. കണക്കുകളില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നതല്ല, ശാസ്ത്രീയമായി ഈ രോഗാവസ്ഥയെ മറികടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.