പത്തനംതിട്ടയില്‍ ഇനി പടയണിക്കാലം

post

പത്തനംതിട്ട: ജില്ലയിലെ വിവിധ ദേശങ്ങളില്‍ നടക്കുന്ന പരമ്പരാഗത പടയണി ഉത്സവങ്ങളെ കോര്‍ത്തിണക്കി ബൃഹത്തായ ഒരു ഉത്സവ കലണ്ടര്‍ തയാറായിക്കഴിഞ്ഞു. ദേശീയ അന്തര്‍ദേശീയ സഞ്ചാരികളേയും പഠിതാക്കളെയും ജില്ലയിലെ പടയണി ഉത്സവ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതിനായി ഡി.റ്റി.പി.സി (ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍) യുടെ നേതൃത്വത്തിലാണ് പടയണി കലണ്ടര്‍ തയാറാക്കിയത്. പടയണി ഗ്രാമമായ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഡി ടി പി സി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി ബി നൂഹ് പടയണി കലണ്ടര്‍ പ്രകാശനം ചെയ്തു.

സാംസ്‌കാരിക ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഇക്കാലത്ത് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണിക്ക് സവിശേഷം പ്രാധാന്യമുണ്ടെന്നും മഹത്തായ കലാരൂപത്തെ ലോകശ്രദ്ധയില്‍ എത്തിക്കാന്‍ നമുക്ക് കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള വിനോദ സഞ്ചാരികളെയും പഠിതാക്കളെയും പടയണി ഉത്സവ പ്രദേശത്തേക്ക് ആകര്‍ഷിച്ച് കൊണ്ടുവരേണ്ടതുണ്ട്. കൂടുതല്‍ സഞ്ചാരികളെ ഇവിടെ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ കൂടാതെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണവും ആവശ്യമാണ്. ജില്ലയുടെ തനത് കലാരൂപത്തെ സംരക്ഷിക്കേണ്ടതും ചേര്‍ത്തു പിടിക്കേണ്ടതും തമ്മള്‍ തന്നെയാണെന്നും കളക്ടര്‍ പറഞ്ഞു.

ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണികള്‍ കലണ്ടറിലൂടെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഡിസംബര്‍ 26 ന് തുടങ്ങുന്ന തെള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രം മുതല്‍ 2020 ഏപ്രില്‍ 20 ന് സമാപിക്കുന്ന കുന്നന്താനം മഠത്തില്‍ കാവ് ഭഗവതി ക്ഷേത്രം വരെയുള്ള പടയണി ദിനങ്ങളുടെ വിവരങ്ങളാണ് കലണ്ടറിലുള്ളത്.

ഡിടിപിസി സെക്രട്ടറി ആര്‍ ശ്രീരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ്, ക്ഷേത്രം പ്രസിഡന്റ് അഡ്വ. ഹരിദാസ് കടമ്മനിട്ട, സെക്രട്ടറി ഡി.രവികുമാര്‍, പടയണി ഗ്രാമം രക്ഷാധികാരി വി കെ പുരുഷോത്തമന്‍ പിള്ള, ഗോത്രകലാ കളരി സെക്രട്ടറി പി ടി പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.