ജല ജീവൻ പദ്ധതി : പട്ടാമ്പിയിൽ 3800 ഓളം പുതിയ വാട്ടർ കണക്ഷനുകൾ നൽകും

post

പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരും പഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയിലൂടെ പട്ടാമ്പിയിൽ 3800 ഓളം പുതിയ വാട്ടർ കണക്ഷനുകൾ നൽകുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2023 - 24 വർഷത്തോടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി ആളോഹരി 55 ലിറ്റർ കുടി വെള്ള ലഭ്യത ഉറപ്പ് വരുത്തുന്ന ബൃഹത് പദ്ധതിയാണ് ജല ജീവൻ മിഷൻ . 2020 - 21 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ, നിലവിൽ പൂർ ത്തീകരിച്ചിട്ടുള്ളതോ പൂർത്തീകരിച്ച് വരുന്നതോ ആയ പദ്ധതികളിൽ നിന്നും ഏകദേശം 3800 ഗാർഹിക കണക്ഷനുകൾ നൽകും . ജലജീവൻ പദ്ധതിയ്ക്ക് ആവശ്യമായ തുകയുടെ 45 ശതമാനം കേന്ദ്ര- സംസ്ഥാന സർക്കാറുകളുടേതും 10% ഗുണഭോക്തൃ വിഹിതവുമാണ്. സംസ്ഥാന വിഹിതത്തിന്റെ 45 ശതമാനം തുകയുടെ 35 ശതമാനം ജലവിഭവ വകുപ്പും 15 ശതമാനം പഞ്ചായത്ത് വിഹിതവുമായിരിക്കും. നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവർത്തനവും പരിപാലനവും ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമായിരിക്കും. പഞ്ചായത്തുകളുടെ ധാരണാപത്രം അടുത്ത ചൊവ്വാഴ്ചയോടെ ലഭ്യമാക്കാമെന്നു വിവിധ പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. ധാരാണ പത്രം ലഭിക്കുന്നതോടെ പദ്ധതിയുടെ രൂപരേഖ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.