ജില്ലാ ജയിലില്‍ പശുവളര്‍ത്തല്‍ യൂണിറ്റ് ആരംഭിച്ചു

post

ഇടുക്കി: മുട്ടം ജില്ലാ ജയിലിലാരംഭിച്ച പശു വളര്‍ത്തല്‍ യൂണിറ്റിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. പശു വളര്‍ത്തല്‍ യൂണിറ്റിന്റെ ഉദ്ഘാടനം തന്റെ ഫാമിലെ മീര എന്നു പേരുള്ള പശുവിനെയും, അഭിമന്യു എന്ന കിടാവിനെയും ജയിലേക്ക് ക്രിസ്തുമസ് സമ്മാനമായി നല്‍കി കൊണ്ടാണ് എം.എല്‍.എ. നിര്‍വ്വഹിച്ചത്.ജയിലില്‍ വച്ച് നടന്ന യോഗത്തില്‍ പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് അധ്യക്ഷത വഹിച്ചു. പതിമൂന്ന് ജില്ലാ ജയിലുകള്‍ ഉള്ളതില്‍ ഏറ്റവും മികച്ചത് മുട്ടത്തെ ജില്ലാ ജയിലാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ജയിലില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, സ്ഥലം പാഴാക്കാതെ നിരവധി കൃഷികള്‍ ചെയ്തിട്ടുണ്ടെന്നും ഇത് അഭിമാനര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തടവുകാര്‍ക്ക് രോഗം വന്നാല്‍ കൊണ്ടുപോകാന്‍ ഒരു ആബുലന്‍സ് അനുവദിച്ചു തരണമെന്ന് എം.എല്‍.എ. യോട് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ട് കെ.ബി അന്‍സര്‍, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, വെല്‍ഫയര്‍ ഓഫീസര്‍ ഷിജോ തോമസ്, എം.ജെ. ജേക്കബ്, ഷീല സ്റ്റീഫന്‍, അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ജയിലിന് സ്വന്തമായി ആകെ രണ്ടര ഏക്കര്‍ സ്ഥലമാണുള്ളത്. ഇതില്‍ ജയില്‍ കെട്ടിടവും ജീവനക്കാര്‍ക്കുള്ള ക്വാട്ടേഴ്‌സും ഒഴിവാക്കി ബാക്കിയുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള ഇരുപതില്‍ പരം കാര്‍ഷിക വിളകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാഴ, ചേന, കപ്പ, തക്കാളി, കോവല്‍ വെള്ളരി, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, പയര്‍, ചീനി തുടങ്ങിയ വിവിധ കൃഷികളാണ് ചെയ്തിരിക്കുന്നത്. ഇവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ പശു വളര്‍ത്തല്‍ യൂണിറ്റ് കൂടി തുടങ്ങിയിരിക്കുന്നത്. നിലവില്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും ജയിലിലെ അന്തേവാസികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. കൃഷി ചെയ്യുന്ന തടവുകാര്‍ക്ക് ഒരു ദിവസം 127 രൂപ പ്രതിഫലമുണ്ട്. ജയില്‍ മോചിതരാകുമ്പോള്‍ ഈ തുക കൈമാറും. കൃഷിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ജില്ലാ കൃഷി വകുപ്പില്‍ നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി ജില്ലാ ജയിലിനു ലഭിച്ചിട്ടുണ്ട്.