ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 85.13 ശതമാനം വിജയം

post

തിരുവനന്തപുരം : 2020 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 85.13 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് അറിയിച്ചു. ആകെ 2043 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,75,655 പേര്‍ പരീക്ഷ എഴുതിയതില്‍ 3,19,782 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം 84.33 ആയിരുന്നു. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചത്. 

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണ്ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന ഉത്തരക്കടലാസുകള്‍ മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ നിര്‍ണ്ണയിച്ചത്. 

1,97,059 പെണ്‍കുട്ടികളില്‍ 1,81,870 പേരും (92.29%), 1,78,596 ആണ്‍കുട്ടികളില്‍ 1,37,912 പേരും (77.22%) ഉന്നതപഠനത്തിന് യോഗ്യത നേടി. 1,82,414 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 1,61,661 പേരും (88.62%), 77,095 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 59,949 പേരും (77.76%) 1,16,146 കോമേഴ്സ് വിദ്യാര്‍ത്ഥികളില്‍ 98,172 പേരും (84.52%) ഉന്നതപഠനത്തിന് യോഗ്യത നേടി. 

എസ്.സി. വിഭാഗത്തില്‍ 36,601 ല്‍ 24,874 പേരും (67.96%) എസ്.റ്റി വിഭാഗത്തില്‍ 5,386 ല്‍ 3,418 പേരും (63.46%) ഒ.ഇ.സി വിഭാഗത്തില്‍ 13,957 ല്‍ 10,915 പേരും (78.20%) ഒ.ബി.സി വിഭാഗത്തില്‍ 2,37,007 ല്‍ 2,33,686 പേരും (85.94%) ജനറല്‍ വിഭാഗത്തില്‍ 82,404 ല്‍ 76,889 പേരും (93.30%) ഉന്നത പഠനത്തിന് അര്‍ഹത നേടി.

ഗവണ്‍മെന്റ് മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് 1,58,828 ല്‍ 1,30,541 പേരും (82.19%) എയ്ഡഡ് മേഖലയിലെ 1,92,377 ല്‍ 1,69,316 പേരും (88.01%) അണ്‍എയ്ഡഡ് മേഖലയിലെ 24,233 ല്‍ 19,708 പേരും (81.33%) ഉന്നതപഠനത്തിന് യോഗ്യരായി.

18,510 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡിനര്‍ഹരായി. ഇതില്‍ 14,195 പേര്‍ പെണ്‍കുട്ടികളും 4,315 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ നിന്ന് 13,037 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 1,630 പേര്‍ക്കും കോമേഴ്സ് വിഭാഗത്തില്‍ നിന്ന് 3,843 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

18,510 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ 31,605 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനു മുകളിലോ, 41,904 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസോ അതിനു മുകളിലോ, 57,508 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ, 77,034 പേര്‍ സി പ്ലസ് ഗ്രേഡോ അതിനു മുകളിലോ, 89,888 പേര്‍ സി ഗ്രേഡോ അതിനു മുകളിലോ, 3,333 പേര്‍ ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ നേടി. 54,751 പേര്‍ക്ക് ഡി ഗ്രേഡും 1122 പേര്‍ക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്.

വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും (89.02%), ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലുമാണ് (78.68%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (840 പേര്‍) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പട്ടം, (തിരുവനന്തപുരം) 95.95 ശതമാനം പേരെ ഉന്നതപഠനത്തിന് യോഗ്യരാക്കി. മലപ്പുറം ജില്ലയിലെ എം.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ കല്ലിങ്ങല്‍പ്പറമ്പ, എസ്.വി ഹയര്‍സെക്കന്ററി സ്‌കൂള്‍ പാലേമേട് എന്നീ സ്‌കൂളുകളില്‍ യഥാക്രമം 768 ഉം 762 ഉം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 95.18 ഉം 89.63 ഉം ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറമാണ് (2,234). 

നൂറുമേനി വിജയം കരസ്ഥമാക്കിയ 114 സ്‌കൂളുകളാണുള്ളത്. മുപ്പതില്‍ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 31 ആണ്. 234 വിദ്യാര്‍ത്ഥികള്‍ 1200 ല്‍ 1200 സ്‌കോറും കരസ്ഥമാക്കി.

ഹയര്‍സെക്കന്ററിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1,227 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 1079 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. (87.94%). (കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം 69.72). ഇതില്‍ 37 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍ കലാമണ്ഡലം ആര്‍ട്സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 80 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 79 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.75.

49,245 വിദ്യാര്‍ത്ഥികള്‍ സ്‌കോള്‍ കേരള മുഖേന രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയതില്‍ 21490 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 43.64 (കഴിഞ്ഞ വര്‍ഷം 43.48%). ഇതില്‍ 132 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സയന്‍സ് വിഭാഗത്തില്‍ നിന്ന് 686 പേരില്‍ 640 പേരും (93.29%), ഹ്യുമാനിറ്റീസ് വിഭാഗത്തില്‍നിന്ന് 29,572 പേരില്‍ 12,688 പേരും (42.91%), കോമേഴ്സ് വിഭാഗത്തില്‍ നിന്ന് 18,987 പേരില്‍ 8,162 പേരും (42.99%), ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ്: 18,582 പേര്‍.