തണ്ണീര്‍മുക്കത്ത് 4114 ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പദ്ധതി

post

ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജലജീവന്‍ മിഷനുമായി ചേര്‍ന്ന് സമ്പൂര്‍ണ കുടിവെള്ള പദ്ധതി. ആദ്യഘട്ടമായി മുപ്പത് മീറ്ററിനുളളില്‍ കുടിവെള്ളം വേണ്ടിവരുന്ന നാലായിരത്തി ഒരുന്നൂറ്റി പതിനാല് ഗുണഭോക്താക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിട്ടി സമര്‍പ്പിച്ച അഞ്ച് കോടി രൂപയുടെ പ്രോജക്ട് അംഗീകരിക്കുകയും ഗ്രാമപഞ്ചായത്ത് വിഹിതമായി നാല്‍പ്പത്തി ഒന്ന് ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ ആയിരം രൂപവെച്ച് നല്‍കിയാല്‍ മതിയാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

വാട്ടര്‍ അതോറിട്ടിയുടെ പ്രോജക്ട് ഓഫീസും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുളളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് പറഞ്ഞു. പദ്ധതി നിര്‍വ്വഹണത്തിനുളള സമ്മതപത്രം ഭരണസമിതി അംഗീകരിക്കുകയും വാട്ടര്‍ അതോറിട്ടിക്ക് കൈമാറുകയും ചെയ്തു.