കോവിഡ് പ്രതിരോധം: ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കാന്‍ 14 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല

post

തിരുവനന്തപുരം :  കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

കെ. ഇമ്പാശേഖര്‍ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖര്‍ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആര്‍ പ്രേംകുമാര്‍ (ഇടുക്കി), ജറോമിക് ജോര്‍ജ് (എറണാകുളം), ജീവന്‍ബാബു (തൃശൂര്‍, എസ്. കാര്‍ത്തികേയന്‍ (പാലക്കാട്), എന്‍.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവന്‍ (വയനാട്), വി. വിഗ്നേശ്വരി (കോഴിക്കോട്), വി.ആര്‍.കെ. തേജ (കണ്ണൂര്‍), അമിത് മീണ (കാസര്‍കോട്) എന്നിവരാണ് ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്ററുകളും റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ ഓഫീസര്‍മാര്‍ സഹായം നല്‍കും.

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏതാനും ദിവസങ്ങളായി കൂടുതലാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഇവര്‍ പൂന്തുറ കൊട്ടക്കല്‍, പുല്ലുവിള, വെങ്ങാനൂര്‍ ക്ലസ്റ്ററുകളിലുള്ളവരാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരുമുണ്ട്.

ഈ സാഹചര്യത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടെ പുതിയ കണ്ടെയിന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നിലവിലെ നില തൃപ്തികരമായതിനാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ക്കു എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയായി.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള രോഗബാധ വര്‍ധിച്ച ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിനു വേണ്ടിയും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ചെല്ലാനത്ത് ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കാനുള്ള നടപടികളും ആരംഭിച്ചു. സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 15ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടുപേരുമുണ്ട്. കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേല്‍, താമരക്കുളം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാണ്. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും വ്യാപകമായ കോവിഡ് പരിശോധനകളും നടത്തുന്നുണ്ട്.

ആകെ 130 ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 209 സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റുകയും നെഗറ്റീവ് ആയവരെ സുരക്ഷിതമായ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അലഞ്ഞ് തിരിയുന്നവര്‍, അഗതികള്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജാഗ്രതാപൂര്‍ണ്ണമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ടു പേരില്‍നിന്ന്  53 പേര്‍ക്ക് രോഗബാധയുണ്ടായെന്നാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കി.  

ഉപയോഗശൂന്യമായ മാസ്‌കുകളും കയ്യുറകളും അശ്രദ്ധമായി വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത ഇതുമൂലം വര്‍ധിക്കുകയാണ്. അതുകൊണ്ട്, ഉപയോഗശൂന്യമായ മാസ്‌കുകളും കയ്യുറകളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.