കാര്‍ഷിക മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയാണ് യുവാക്കള്‍ ചെയ്യേണ്ടത്: മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : കാര്‍ഷിക മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയാണ് ഇന്നത്തെ കാലഘട്ടത്തില്‍ യുവാക്കള്‍ ചെയ്യേണ്ടതെന്നും അതിന് എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 45 ഏക്കറിലായി പടര്‍ന്ന് കിടക്കുന്ന സുഭിക്ഷ കേരളം ജൈവ പച്ചക്കറികളുടെ ബ്ലോക്ക് തല വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തരിശു ഭൂമി ഉപയോഗപ്പെടുത്തി കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നത് കൂടിയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു.

പെരിങ്ങോട്ടുകര കിഴക്കുംമുറി ശ്രീബോധാനന്ദ വായനശാലക്ക് വടക്ക് നെല്ലിപറമ്പില്‍ പരേതനായ രാജന്റെ പത്തേക്കര്‍ പറമ്പിലെ പച്ചക്കറിയാണ് വിളവെടുത്തത്. ഇതിന് പുറമെ 35 ഏക്കറില്‍ വിവിധ പഞ്ചായത്തുകളിലായി പച്ചക്കറി കൃഷി പുരോഗമിക്കുന്നുണ്ട്. സര്‍വ്വതോ ഭദ്രം ഓര്‍ഗാനിക് സുമായി ചേര്‍ന്ന് 45 ഏക്കറില്‍ ജൈവനെല്‍ കൃഷിയും ബ്ലോക്ക് പഞ്ചായത്ത് ചെയ്യുന്നുണ്ട്. ഓരോ വീട്ടു തൊടിയും കൃഷിയിടങ്ങളാക്കി മാറ്റുകയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.പദ്ധതി വിഹിതത്തിന്റെ പകുതിയിലധികം തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിനെ പച്ചക്കറിയില്‍ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ് വിളവെടുപ്പുത്സവം.

ഗീതാഗോപി എം എല്‍ എ അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് പി സി ശ്രീദേവി, എ ഡി എ കെ കെ ജയമാല, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, സര്‍വ്വതോഭദ്രം ഓര്‍ഗാനിക്ക് രക്ഷാധികാരി അഡ്വ.എ യു രഘുരാമ പണിക്കര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ പരമേശ്വരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷീബ മനോഹരന്‍, കെ എല്‍ ജോസ്, കണ്‍വീനര്‍ അഡ്വ.ഋഷികേശ് പണികര്‍ എന്നിവര്‍ പങ്കെടുത്തു.