തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സജീവമായും ജനകീയമായും നടത്തണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

post

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സജീവമായും ജനകീയമായും നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍വ്വകലാശാലകളിലെയും കോളജുകളിലെയും തെരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു. 'തെരഞ്ഞെടുപ്പ് സാക്ഷരത: ശക്തമായ ജനാധിപത്യം' എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി അഞ്ചിന് വോട്ടേഴ്‌സ് ദിനാഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിനായി കോഴിക്കോട് സര്‍വകലാശാല ക്യാമ്പസില്‍ ചേര്‍ന്ന കോഴിക്കോട്് മലപ്പുറം ജില്ലകളിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ  സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം. മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും പരാതികള്‍ പൂര്‍ണമായും പരിഹരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായുള്ള അപേക്ഷകള്‍ നിരസിക്കുന്ന പക്ഷം കാരണം വ്യക്തമായി ഫയലില്‍ രേഖപ്പെടുത്തണം. ആരെയെങ്കിലും ബോധപൂര്‍വ്വമോ അബദ്ധവശാലോ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ല. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനായി സര്‍വ്വകലാശാലകളിലും കോളജുകളിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം നടത്തണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ തുടങ്ങണം. മികച്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തഹസില്‍ദാര്‍മാര്‍, ബി.എല്‍.ഒ മാര്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതില്‍ തടസ്സങ്ങളുണ്ടാകില്ലെന്നും യൂട്ടി ലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സി ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.