ദേവഹരിതം പദ്ധതി ഉഴുവത്ത് ദേവി ക്ഷേത്രത്തില്‍ തുടങ്ങി

post

പത്തനംതിട്ട:  ഹരിത കേരളം മിഷനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തരിശു ഭൂമി കാര്‍ഷിക സമ്പന്നമാക്കുന്ന ദേവ ഹരിതം പദ്ധതി ഓമല്ലൂര്‍ ഉഴുവത്ത് ദേവീ ക്ഷേത്രത്തില്‍ തുടങ്ങി.  ക്ഷേത്രത്തിലെ 15 സെന്റ് സ്ഥലത്താണ് ആദ്യം കൃഷി ഇറക്കുന്നത്.  കപ്പ, വഴുതന, മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് വിവിധ വൃക്ഷ തൈകള്‍ നട്ട് നക്ഷത്ര വനം ഒരുക്കി. രണ്ടാം ഘട്ടത്തില്‍ വിവിധ വാഴകള്‍ 10 സെന്റ് സ്ഥലത്ത് നടും.

 ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിലം ഒരുക്കല്‍ പൂര്‍ത്തിയാക്കിയത്. ക്ഷേത്ര ഉപദേശക സമിതിക്ക് ആണ് ദേവസ്വം ബോര്‍ഡ് കൃഷി ചെയ്യാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ദേവഹരിതം പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്. രവി രക്ത ചന്ദനം നട്ട്  നിര്‍വഹിച്ചു.

  ഡെപ്യൂട്ടി കമ്മീഷണര്‍ വി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വാര്‍ഡ് മെമ്പര്‍ ജയശ്രീ, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്,  ആറന്മുള അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.അജിത് കുമാര്‍,  സബ് ഗ്രൂപ്പ് ഓഫീസര്‍ എംജി സുകു,  ചെങ്ങന്നൂര്‍ അസി. എക്സിക്യുട്ടീവ്  വിജയ മോഹന്‍, ഹരിത കേരളം മിഷന്‍ ആര്‍പി ഗോകുല്‍, വൈപി അഭിരാമി, ഉപദേശക സമിതി സെക്രട്ടറി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.