ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് കഞ്ഞിക്കുഴി പഞ്ചായത്തില്‍ തുടക്കമായി

post

ഇടുക്കി : കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജേശ്വരി രാജന്‍ നിര്‍വ്വഹിച്ചു.  ചീര, പയര്‍, പടവലം, പാവല്‍ തുടങ്ങിയ  വിത്തുകളാണ്  വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആറായിരത്തോളം കുടുംബങ്ങള്‍ക്ക് വിത്തുകള്‍ നല്‍കും. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു അഭയാന്‍, പുഷ്പഗോപി, കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ ആതിര കെ.കെ, കൃഷി അസിസ്റ്റന്റ്മാരായ ബിനോജ്, ഇന്ദു ജി നായര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.