വീടുകളിലുപയോഗിക്കുന്ന ജലം പുനരുപയോഗിക്കാന്‍ കഴിയണം

post

കണ്ണൂര്‍ : വെള്ളം കൃത്യതയോടെ ഉപയോഗിക്കണമെന്നും വീടുകളിലുപയോഗിക്കുന്ന ജലം കൃഷി പോലുള്ള ആവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാതെ മറ്റ് ആവശ്യങ്ങള്‍ക്കും നമ്മള്‍ അത് ഉപയോഗിക്കുന്നുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എരുവട്ടി വില്ലേജില്‍ സമഗ്രമായ കുടിവെള്ള പദ്ധതി വേണമെന്നുള്ളത് ദീര്‍ഘകാലമായി ജനങ്ങളുടെ അഭിലാഷമാണ്. ഈ പദ്ധതി ഒന്‍പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2050 വരെയുള്ള ആവശ്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ളത്തിനുള്ള പ്രയാസങ്ങള്‍ പദ്ധതി നടപ്പാകുന്നതോടെ പൂര്‍ണമായും പരിഹരിക്കാനാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 3000 വീടുകളിലെങ്കിലും കുടിവെള്ളമെത്തുമെന്നും ലോകത്ത് വലിയ വിലയുള്ളതായി കുടിവെള്ളം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 8.8 ലക്ഷം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്‍ഷം 10 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 1450 കോടി രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വില്ലേജിലെ 17,612 ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വേനല്‍ക്കാലത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പഞ്ചായത്ത് മുഖേന ലോറിയിലാണ് പ്രദേശത്തെ ജനങ്ങള്‍ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നത്. വില്ലേജിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിദിനം ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ ശുദ്ധജലമെത്തിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  

പന്തക്കപ്പാറ ശ്രീനാരായണ വായനശാലയില്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, എംഡി എസ് വെങ്കടേശപതി, ടെക്നിക്കല്‍ മെമ്പര്‍ ജി ശ്രീകുമാര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.