സുഭിക്ഷ കേരളം: കാരാപ്പുഴയില്‍ 50 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും

post

വയനാട്  : കാരാപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് തരിശായി കിടക്കുന്ന അമ്പത് ഏക്കറോളം സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ കൃഷി ആരംഭിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാരാപ്പുഴ ഇറിഗേഷന്‍ - കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് കൃഷി ആരംഭിക്കുവാന്‍ തീരുമാനിച്ചത്. ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുക. മുപ്പത് ഏക്കര്‍ സ്ഥലത്ത് ഇരു വിളയായി നെല്‍കൃഷി ഇറക്കും. ആഗസ്റ്റ് മാസത്തില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന നഞ്ചകൃഷിയും ജനുവരിയില്‍ ആരംഭിച്ച് മെയ് മാസത്തില്‍ അവസാനിക്കുന്ന  പുഞ്ചകൃഷിയുമാണ് നടത്തുക. കനാലിനായി ഏറ്റെടുത്ത് തരിശായി കിടക്കുന്ന 20 ഏക്കറോളം സ്ഥലത്ത് ശീതകാല പച്ചക്കറി കൃഷി നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

കല്‍പറ്റ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കര്‍ഷക ഗ്രൂപ്പുകള്‍ വഴിയും പുതുതായി രൂപീകരിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ വഴിയും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു. ക്ഷീര വികസന വകുപ്പുമായി ചേര്‍ന്ന് തീറ്റപ്പുല്‍ കൃഷി ചെയ്യുന്ന കാര്യവും പരിഗണിക്കും. മുട്ടില്‍, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് പദ്ധതി സഹായകമാകുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

 യോഗത്തില്‍ കാരാപ്പുഴ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ദീപ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിസ്ന, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ (വെജിറ്റബിള്‍) ടി. സിബില്‍ നീണ്ടിശ്ശേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മമ്മൂട്ടി, മുട്ടില്‍ കൃഷി ഓഫീസര്‍ കെ.ടി. ശ്രീകാന്ത്, മേപ്പാടി കൃഷി ഓഫീസര്‍ ശാലിനി, മൂപ്പൈനാട് കൃഷി ഓഫീസര്‍ മറിയുമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.