ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ളവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും : മുഖ്യമന്ത്രി

post

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമായ വ്യവസായങ്ങള്‍ക്ക് യോഗ്യരായവരെ ലഭ്യമാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യവസായമേഖലയും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം സംബന്ധിച്ച് വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. 

അക്കാദമികരംഗത്തെ മാറ്റങ്ങള്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴില്‍ മാത്രമല്ല, എല്ലാ കോളേജുകളിലേക്കും വരണം എന്നതാണ് നിലപാട്. പുതിയ കോഴ്‌സുകളുടെ കാര്യത്തില്‍ കെഡിസ്‌ക്, ട്രിപ്പിള്‍ഐടി എം-കെ തുടങ്ങിയ സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ ഇടപെടുന്നുണ്ട്. വിദ്യാഭ്യാസരീതികളില്‍ നല്ല മാറ്റം വരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നൂതന മേഖലകളില്‍ യോഗ്യരായ ആളുകളെ കേരളത്തില്‍ തന്നെ വളര്‍ത്തിയെടുക്കാനാകണം. വിവരസാങ്കേതിക രംഗം നല്ലരീതിയില്‍ വികസിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിലവിലുള്ളതിനുപുറമേ, ഒരു കോടി ചതുരശ്രഅടി സ്ഥലം ഐ.ടിക്കായി പുതുതായി ഒരുക്കുമെന്ന ലക്ഷ്യം 2020 ഓടെ പൂര്‍ത്തിയാക്കാനാകും. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 50 ലക്ഷം ചതുരശ്ര അടിയിലധികം ഇതിനകം ഒരുക്കിക്കഴിഞ്ഞു. ഈ രംഗത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, പ്രമുഖ സ്ഥാപനങ്ങളെ കൊണ്ടുവരിക തുടങ്ങിയ വിഷയങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ട്. സോഫ്ട്‌വെയര്‍ മാത്രമല്ല, ഹാര്‍ഡ്‌വെയര്‍ രംഗത്തും മികച്ചരീതിയില്‍ കേരളത്തിന് വളര്‍ച്ച കൈവരിക്കാനാകും. അതിനായി സൗകര്യങ്ങളൊരുക്കാനും പ്രത്യേക സ്ഥലങ്ങള്‍ മാറ്റിവെക്കാനും ഉദ്ദേശിക്കുന്നുണ്ട്. 

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്‌സാഹിപ്പിക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. ഇ-ഗവേണന്‍സിന്റെ വേഗത കൂട്ടി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനും നടപടികള്‍ എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

നല്ലരീതിയില്‍ ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കാനാകുന്ന മേഖലയാണ് ഐ.ടി. അതിനാനുപാതികമായി സ്ഥാപനങ്ങള്‍ വരണം. നിരവധി പ്രമുഖ കമ്പനികള്‍ വരുന്നത് നല്ല തുടക്കമാണ്. ഐ.ടി മേഖലയിലേക്ക് എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും ഉയര്‍ന്നുവരണം. പാവപ്പെട്ട കുട്ടികള്‍ക്കടക്കം പഠിച്ചുവളരാന്‍ കേരളത്തില്‍ അന്തരീക്ഷമുണ്ട്. 

വ്യവസായരംഗത്തും ഐ.ടി രംഗത്തുമുള്ളവര്‍ക്ക് കേരളത്തിലെ അന്തരീക്ഷം ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, അതല്ല അവസ്ഥ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അതു മാറ്റിയെടുക്കാനാണ് നമ്മുടെ ശ്രമം. 

സര്‍ക്കാര്‍ സേവനങ്ങളിലും വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വേഗത കൈവരിക്കുന്നുണ്ട്. ഇ-ഗവേണന്‍സ്‌ വ്യാപകമായതോടെ ഫയല്‍ തീര്‍പ്പാക്കല്‍, ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കല്‍ തുടങ്ങിയവയില്‍ നല്ല വേഗമുണ്ടാക്കാനായിട്ടുണ്ട്. 2016ല്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിക്കാന്‍ ശരാശരി 175 ദിവസം എടുത്തിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോള്‍ ശരാശരി 22 ദിവസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാകുന്നുണ്ട്. ഇത് 100 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ഇഗവേണന്‍സിന്റെ വേഗത കൂട്ടാന്‍ തന്നെയാണ് ഉദ്ദേശ്യം. സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിച്ചാലും അപേക്ഷയുമായി തങ്ങളുടെ മുന്നില്‍വരണം എന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ മാറണം. എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഐ.ടി വികസനത്തിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഡിസ്‌ക് പോലുള്ളവ വഴി അനേകം നൂതന പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്നുണ്ട്. ഇതെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പുകളുെട കാര്യത്തില്‍ മികച്ച പുരോഗതി ഉണ്ടാക്കാനായി, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പ്രചോദനവുമായി. മാത്രമല്ല, നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ രാജ്യമാകെയും രാജ്യത്തിനുപുറത്തും അംഗീകരിക്കുന്ന നിലയാണുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിലും സര്‍ക്കാര്‍ മികച്ച ഇടപെടലാണ് നടത്തുന്നത്. 2200 ലേറെ സ്റ്റാര്‍ട്ടപ്പുകളിലുമായി 20,000 പേര്‍ ജോലി ചെയ്യുന്നത് ചെറിയ കാര്യമല്ല. 

മലയാളികള്‍ സാര്‍വദേശീയതലത്തില്‍ ഐ.ടി ഉള്‍പ്പെടെ പല പ്രധാന സ്ഥാനങ്ങളിലുമുണ്ട്. അവരെക്കൂടി ഉള്‍പ്പെടുത്തി കേരളത്തിന്റെ ഐ.ടി വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജപ്പാനിലുള്‍പ്പെടെ വ്യവസായികളുടെ സംഗമത്തില്‍ സംബന്ധിച്ചപ്പോള്‍ കേരളത്തിലേക്ക് നിരവധി നിക്ഷേപ വാഗ്ദാനങ്ങളാണ് വന്നത്. 

എല്ലായിടത്തും ഇന്റര്‍നെറ്റ് നിഷേധിക്കുന്ന സാഹചര്യമുള്ളപ്പോള്‍ കേരളം ഇന്റനെറ്റ് പൗരാവകാശമാണ് എന്ന് പ്രഖ്യാപിച്ച് വ്യാപിപ്പിക്കുകയാണ്. കെഫോണ്‍ ശൃംഖല യാഥാര്‍ഥ്യമാകുന്നതോടെ നല്ലനിലയ്ക്ക് ഇന്റനെറ്റ് സൗകര്യമൊരുങ്ങുകയാണ്. പലതിനുമുള്ള മറുപടിയാണ് കെഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ പരിതസ്ഥിതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടി വ്യവസായങ്ങളെ പ്രോത്‌സാഹിപ്പിക്കുന്ന നില വരണം. തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗൗരവമായി ഇടപെട്ട് പരിഹരിക്കുന്നുണ്ട്. 

ഒരു ഭാഗത്ത് സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം മേഖലയെ ശാക്തീകരിക്കുന്നതിനും നടപടിയെടുക്കുന്നുണ്ട്. ഐ.ടി രംഗത്തുള്ളവര്‍ക്ക് സാമൂഹ്യമായ പശ്ചാത്തലങ്ങളും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കും.

ഐ.ടി വികസനത്തിന് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ മേഖലയിലാകെ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഐ.ടി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തങ്ങള്‍ക്ക് ലോകശ്രദ്ധനേടും വിധം വളരാനായതെന്ന് സ്റ്റാര്‍ട്ടപ്പ് രംഗത്തുനിന്ന് ചര്‍ച്ചയിലെത്തിയവര്‍ അഭിപ്രായപ്പെട്ടു. 

ചര്‍ച്ചയില്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ എസ്.ഡി. ഷിബുലാല്‍, ഐ.ബി.എസ് മേധാവി വി.കെ. മാത്യൂസ്, സോഫ്ട്‌വെയര്‍ ഇന്‍കുബേറ്റര്‍ ഇന്‍കോര്‍പറേറ്റ് സി.ഇ.ഒ മാറ്റ് കുമാര്‍, ഇന്‍ആപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അമര്‍നാഥ് രാജ, സ്റ്റാര്‍വാ ടെക്‌നോളജീസ് എം.ഡി ജാന്‍സി ജോസ്, ജന്റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ജി., റാപ്പിഡോര്‍ ടെക്‌നോളജീസ് ചീഫ് ഇവാഞ്ചലിസ്റ്റ് തോംസണ്‍ സ്‌കറിയ തയ്യില്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജോണ്‍ ബ്രിട്ടാസാണ് പരിപാടിയുടെ അവതാരകന്‍.