അരികെ ഡേ കെയര്‍ നഴ്‌സസ് കെയര്‍ പദ്ധതിക്ക് തുടക്കം

post

കൊച്ചി:  സാന്ത്വന ചികിത്സയും ഗൃഹകേന്ദ്രീകൃത പരിചരണവും വീടുകളിലെത്തി ലഭ്യമാക്കുന്നതിനുള്ള അരികെ ഡേ കേയര്‍ നഴ്‌സസ് പദ്ധതിക്ക് തുടക്കം. പരിശീലനം ലഭിച്ച നഴ്‌സുമാര്‍ ഇരുചക്രവാഹനങ്ങളില്‍ വീടുകളിലെത്തിയാണ് രോഗീപരിചരണം നടത്തുക. ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
 
പാലിയേറ്റീവ് കെയര്‍ നഴ്‌സിങ്ങില്‍ 3 മാസത്തെ പരിശീലനവും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തെ വിദഗ്ധ പരിശീലനവും പൂര്‍ത്തിയാക്കിയ നഴ്‌സുമാരാണ് പ്രാഥമിക സജ്ജീകരണങ്ങള്‍ സഹിതം ഇരുചക്രവാഹനങ്ങളില്‍ വീടുകളില്‍ പരിചരണത്തിനെത്തുക. ദിവസവും രാവിലെ 9  മണി മുതല്‍ 5 മണി വരെ ഒന്നര മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സേവനം ലഭിക്കും.
 
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ചാപ്റ്റര്‍, ദേശീയ ആരോഗ്യ ദൗത്യം, ജനറല്‍ ആശുപത്രി, മാനുല്‍ ഒനെയ്റോ ഫൌണ്ടേഷന്‍ എന്നിവരാണ് പദ്ധതി നടപ്പിലാക്കുന്നത്. 
 
ഉദ്ഘാടനച്ചടങ്ങില്‍ ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലില്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ. അനിത, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍, ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ജി. ആനി, മാനുല്‍ ഒനെയ്റോ ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജെസ്സി മാനുവല്‍ എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
 
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7034336999 എന്ന നമ്പറില്‍ ബന്ധപ്പെടുക.