ഭക്ഷ്യ ഭദ്രതാ അലവന്‍സ്: കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

post

തൃശൂര്‍ : ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മദ്ധ്യവേനല്‍ അവധിക്കാലത്തേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് അനുവദിച്ചു. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ജില്ലയിലെ 2,05,820 വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനുള്ള തുകയും ചേരുന്നതാണ് ഭക്ഷ്യഭദ്രത അലവന്‍സ്. 2020 ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 39 ദിവസങ്ങളിലേക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും മാര്‍ച്ച് മാസത്തിലെ 15 ദിവസം അടച്ചിടല്‍ മൂലം പാചകചെലവിനത്തില്‍ മിച്ചം വന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉള്‍പ്പെടുത്തുന്നത്. പ്രീ പ്രൈമറി കുട്ടികള്‍ക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നല്‍കുന്ന കിറ്റിലുള്ളത്. അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നല്‍കുക.

സപ്ലൈകോയുടെ താലൂക്ക് ഡിപ്പോകളുടെ നേതൃത്വത്തിലാണ് ഭക്ഷ്യ കിറ്റ് തയ്യാറാക്കി വിതരണം നടത്തുന്നത്. സപ്ലൈകൊ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് സ്‌കൂളില്‍ നിന്ന് കിറ്റുകള്‍ വിതരണം ചെയ്യുക. ഇതനുസരിച്ച് ഓരോ ഡിവിഷനുമുള്ള ഭക്ഷ്യ കിറ്റ് വിതരണം സംബന്ധിച്ച് സമയക്രമം സ്‌കൂളുകള്‍ തന്നെ തീരുമാനിച്ച് വിവരം മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിക്കും.