കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി 777 കിടക്കകള്‍ സജ്ജമാവുന്നു

post

കൊല്ലം:  ജില്ലയില്‍ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു.  വാളകം മേഴ്സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള ഊര്‍ജ്ജിത നടപടികള്‍ നടന്നു വരുന്നു.

ചികിത്സാ കേന്ദ്രങ്ങളും സജ്ജമാകുന്ന കിടക്കകളുടെ എണ്ണവും. ട്രാവന്‍കൂര്‍ നഴ്സിംഗ് കോളജ്(180), ന്യൂ ഹോക്കി സ്റ്റേഡിയം(180), ബിഷപ്പ് ബെന്‍സിഗര്‍ നഴ്സിംഗ് ഹോസ്റ്റല്‍(80), ആശ്രാമം പൊതുമരാമത്ത് വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍(70), ഡോ നായേഴ്സ് ഹോസ്പിറ്റല്‍ സ്പെഷ്യലിറ്റി ബ്ലോക്ക്(40), നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രം(പഴയ ടി ബി ആശുപത്രി)(87), കുമ്മല്ലൂര്‍ അസീസിയ നഴ്സിംഗ് ഹോസ്റ്റല്‍(80), പത്തനാപുരം വിളക്കുടി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍(60).

ചികിത്സയ്ക്കായി ഏറ്റെടുക്കുന്ന ആശുപത്രികള്‍ പൂര്‍ണമായും ഏറ്റെടുക്കില്ല. ഇതര ചികിത്സാ മേഖലകളെയും രോഗികളെയും ബാധിക്കാത്ത രീതിയില്‍ സുരക്ഷിതമായി വേര്‍തിരിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണ് ഏറ്റെടുത്തിട്ടുളളത്. തുടര്‍ ചികിത്സകള്‍ ആശുപത്രികളില്‍ ലഭിക്കുമെന്നും മറ്റ് ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.