നിഴലായ്, കൂട്ടായ് കേരള പോലീസ്

post

തിരുവനന്തപുരം: അസമയത്ത് ഒറ്റപ്പെട്ടുപോകുന്ന വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷയൊരുക്കാന്‍ കേരളാ പോലീസിന്റെ 'നിഴല്‍' പദ്ധതി. അസമയത്ത് വാഹനം കേടായോ ടയര്‍ പഞ്ചറായോ വഴിയില്‍ കുടുങ്ങുന്ന വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം. കേരള പോലീസിന്റെ സഹായം ഇതിലൂടെ ഉടനടി ലഭ്യമാകും. മൊബൈലില്‍ നിന്ന് 112 എന്ന നമ്പര്‍ ഡയല്‍ ചെയ്യുകയോ നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിന്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാലോ മതി. 
അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍കോള്‍ ലഭിക്കുക പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ്. സഹായമഭ്യര്‍ഥിച്ച് സംസ്ഥാനത്ത് എവിടെ നിന്നും വരുന്ന കോളുകള്‍ എത്തുന്നത് തിരുവനന്തപുരത്തെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിലാണ്. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്റ് സെന്ററിന് കഴിയും. നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും.
112 ഇന്‍ഡ്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ് സെന്ററില്‍ സന്ദേശമെത്തും. ഇത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടെ നിന്ന് മൊബൈല്‍ ഡേറ്റ ടെര്‍മിനല്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളിലേക്ക് കൈമാറുകയും ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ച ആളുടെ അടുത്ത് സഹായവുമായി എത്തുകയും ചെയ്യും. ഔട്ട് ഓഫ് കവറേജ് ഏരിയ ആണെങ്കിലും ഈ സേവനം ഉപയേഗിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തീവണ്ടി യാത്രകളിലും ഉപകാരപ്രദമാണ് നിഴല്‍ പദ്ധതി.
വീഡിയോ കാണാം -