താനൂരില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേഗം നല്‍കി 'വിജയരഥം'

post

മലപ്പുറം: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന വിജയരഥം വിദ്യാഭ്യാസ പദ്ധതി താനൂരില്‍ സജീവം. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. പ്രത്യേകം താത്പ്പര്യമെടുത്ത് ജനകീയ പങ്കാളിത്തത്തോടെ തുടങ്ങിയ പദ്ധതി മികച്ച വിജയമായതോടെ ഈ വര്‍ഷം വിജയരഥം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ തുടങ്ങി. വിരമിച്ച അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വിദഗ്ധ സമിതി തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ മണ്ഡലത്തിലെ ഒന്‍പത് ഹൈസ്‌കൂളുകളിലും പരീക്ഷ നടത്തിയാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുന്നത്.

ഇത്തവണ ഡിസംബര്‍ ആദ്യം തന്നെ പദ്ധതിയുടെ രൂപ രേഖയുണ്ടാക്കി മൊഡ്യൂളുകളും ചോദ്യപേപ്പറുകളും തയ്യാറാക്കിയിരുന്നു. 2020 ജനുവരി ആറിന് എം.എല്‍.എ.യുടെയും ഡി.ഡി.ഇയുടെയും സാന്നിധ്യത്തില്‍ അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേര്‍ന്ന് അവലോകന യോഗം നടത്തും. തുടര്‍ന്ന് ജനുവരി 13 മുതല്‍ 15 വരെയുള്ള കാലയളവില്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ മണ്ഡലത്തിലെ ഒന്‍പത് ഹൈസ്‌കൂളുകളും സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ച് അവരെ പ്രചോദിപ്പിക്കുകയും കുട്ടികളുടെ സാഹചര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ മൂന്ന് സെറ്റ് ചോദ്യപേപ്പര്‍ പ്രകാരം അധ്യാപകര്‍ പരീക്ഷ നടത്തിയാണ് ഓരോ സ്‌കൂളുകളിലെയും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുക. 

വിജയരഥം പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ 152 കുട്ടികളില്‍ 147 പേരും വിജയിച്ചിരുന്നു. പദ്ധതി പ്രവര്‍ത്തനം മികച്ച ഫലമുണ്ടാക്കിയതോടെയാണ് ഈ വര്‍ഷം കൂടുതല്‍ സജീവമാക്കാന്‍ നടപടികള്‍ നേരത്തെ തുടങ്ങിയതെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം പല ഘട്ടങ്ങളിലായി 100 ഓളം വിദഗ്ധരുടെ മികച്ച ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയത്. ഇതിന് പുറമെ നോട്ട് ബുക്കുകള്‍, ബോക്‌സുകള്‍, പേനകള്‍, ഫയലുകള്‍ തുടങ്ങിയവ അടങ്ങിയകിറ്റുകളും സൗജന്യമായി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സൗകര്യങ്ങളോടു കൂടി ഒരുക്കിയ റസിഡന്‍ഷ്യല്‍ ക്യാമ്പും മികച്ചതായിരുന്നു. ഡി.ഇ.ഒ., എ.ഇ.ഒ., ഡയറ്റ്, ബി.ആര്‍.സി., സ്‌കൂള്‍ പി.ടി.എ.കള്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും പദ്ധതിയ്ക്ക് ഏറെ ഗുണകരമായി. ഡി.ഇ.ഒ. പി. രമേശന്‍, എ.ഇ.ഒ. അബ്ദുല്‍ഹമീദ്, എം.എല്‍.എ.യുടെ പ്രതിനിധിയായ കോര്‍ഡിനേറ്റര്‍ എം. നിഷ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് 2018 ജനുവരിയില്‍ തുടങ്ങിയ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം നടന്നുവരുന്നത്.

വിജയരഥം പദ്ധതി: ശില്‍പ്പശാല നടത്തി

താനൂര്‍ മണ്ഡലത്തിലെ ഒന്‍പത് ഹൈസ്‌കൂളുകളില്‍ നിന്നായി ഈ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കാനായി മുന്നൊരുക്കം തുടങ്ങി. പഠനത്തില്‍ വളരെയധികം പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. തുടങ്ങിയ വിജയരഥം പദ്ധതിയുടെ ഭാഗമായി മൊഡ്യൂള്‍ നിര്‍മ്മാണ ശില്‍പ്പശാല നടത്തി. മുപ്പതോളം അധ്യാപകര്‍ ചേര്‍ന്നാണ് വിവിധ വിഷയങ്ങളുടെ മൊഡ്യൂളുകള്‍ തയ്യാറാക്കിയത്. ഫാക്കല്‍റ്റി അംഗങ്ങളുമായി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ. ആശയ വിനിമയം നടത്തി. എ.ഇ.ഒ. പി. രമേശ്കുമാര്‍, വി. രാജ് മോഹന്‍, പി. സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.