എട്ടു പേര്‍ക്കു കൂടി കോവിഡ്; അഞ്ചു പേര്‍ക്ക് രോഗമുക്തി

post

കോട്ടയം : ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്നലെ അഞ്ചു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറല്‍ ആശുപത്രി-33 , കോട്ടയം ജനറല്‍ ആശുപത്രി-32, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -29, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 18, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവര്‍

1, 2, 3-ഡല്‍ഹിയില്‍നിന്നും ജൂണ്‍ 29ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിയും(40) ഭാര്യയും(36) മകളും(മൂന്നര). മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എരുമേലി സ്വദേശിയുടെ മാതാപിതാക്കള്‍ക്കും സഹോദരന്റെ ഭാര്യയ്ക്കും ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മാതാവും സഹോദര ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജിലും പിതാവ് തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്. എല്ലാവരും ഒരേ ട്രെയിനിലാണ് യാത്ര ചെയ്തത്. 

4-ഡല്‍ഹിയില്‍നിന്നും ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 

5-മസ്‌കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 

6-ഫരീദാബാദില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 20ന് എത്തിയ പായിപ്പാട് സ്വദേശിനി(34). ഫരീദാബാദില്‍ ആരോഗ്യ പ്രവര്‍ത്തകയായിരുന്ന യുവതി മറ്റ് ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധിച്ചത്. 

7-ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

8-ഡല്‍ഹിയില്‍നിന്നും ജൂണ്‍ 30ന് ട്രെയിനില്‍ എത്തിയ വാഴപ്പള്ളി സ്വദേശി(39).  വാരിശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.